31 December, 2019 01:15:51 PM
'കുരങ്ങന്‍റെ കയ്യിലെ പൂമാല' പോലെയാണ് ബിജെപിയുടെ കേന്ദ്രഭരണം - പി.സി.ജോര്‍ജ്
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തിലാകണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ പൂര്‍ണ്ണ മനസോടെ അംഗീകരിക്കുന്നുവെന്നും പി.സി സഭയില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന സമരത്തിന് ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകും.
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയെന്ന് പറയും പോലെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രഭരണം. സര്‍ക്കാരിന് എന്തുചെയ്യണമെന്ന് ഒരു പിടിയും ഇല്ലാത്ത അവസ്ഥയാണ്. ഇവിടുത്തെ സമരങ്ങള്‍ മോഡി സര്‍ക്കാര്‍ അറിയുന്ന വിധത്തിലുള്ളവയാകണമെന്നും അഞ്ചുലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് 10 ദിവസം വളഞ്ഞുവെക്കാന്‍ കഴിയണം. അഞ്ചുലക്ഷം പേരെ അണിനിരത്താനുണ്ടായിരുന്നെങ്കില്‍ അത്തരമൊരു സമര രീതി ഏറ്റെടുത്തേനെയെന്നും പി.സി ജോര്‍ജ് സഭയില്‍ പറഞ്ഞു.
മതേതര വിശ്വാസികളുടെ ശവത്തില്‍ ചവിട്ടി മാത്രമേ മോഡിക്ക് നിയമം നടപ്പാക്കാനാകൂ. സംഗീതം പോലെ സാന്ദ്രമായ ഒരു രാജ്യത്ത് അപസ്വരം കടത്തി വിടുകമാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മുസ്ലീം സമൂഹത്തെ അങ്ങനെയൊന്നും ഒഴിവാക്കാനാകില്ല. സ്വാതന്ത്ര സമരത്തിന് സംഭാവന ചെയ്തവരില്‍ വലിയൊരു ശതമാനവും മുസ്ലീം സമുദായമായിരുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു