24 October, 2019 06:48:50 PM
റിപ്പയര്‍ കാലാവധി നീണ്ടു: പകരം കാര്‍ ലഭ്യമാക്കിയില്ല; കമ്പനി രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
കോട്ടയം: റിപ്പയർ കാലാവധിയിൽ വാഹന ഉടമയ്ക്ക് സർവീസ് സെന്‍റർ പകരം കാർ നല്‍കാത്തതിനും കൃത്യസമയത്ത് പണികള്‍ തീര്‍ക്കാതെ കാലതാമസം വരുത്തിയതിനും രണ്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. കുമാരനല്ലൂര്‍ സ്വദേശി ജെസിമോള്‍ ജോയി നല്‍കിയ പരാതിയില്‍ കോട്ടയം പോപ്പുലർ ഹ്യുണ്ടായ് സർവീസ് സെന്‍ററിനെതിരെ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തിന്‍റേതാണ് വിധി.
കാറുടമയ്ക്ക് 194143 രൂപ നഷ്ടപരിഹാരം കൊടുക്കുവാനാണ് വിധിയായത്. വാഹന റിപ്പയർ കാലാവധിയിൽ വാഹന ഉടമയ്ക്ക് സർവീസ് സെന്‍റർ പകരം കാർ നല്കുകയെന്നുള്ളത് കാർ കമ്പനികളുടെ ഇന്‍റർനാഷണൽ പോളിസിയിൽ പെട്ടതാണ്. എന്നാൽ ഇതേപറ്റി അറിവില്ലാത്തതിനാല്‍ ഒരു ഉപഭോക്താവും സർവീസ് സെന്‍ററിനോട് പകരം കാര്‍ ചോദിക്കാറില്ല. ഇത് കമ്പനികള്‍ മുതലെടുക്കുകയും ചെയ്യുന്നു. വാഹനം റിപ്പർ ചെയ്തു കിട്ടുവാൻ വന്ന കാലതാമസത്തെ തുടർന്ന് കോടതിയെ സമീപിച്ച ഉപഭോക്താവ് തനിക്ക് പകരം കാര്‍ തരാതെ കബളിപ്പിച്ചതിനെയാണ് പ്രധാനമായും ചോദ്യം ചെയ്തത്.
2015ല്‍ പോപ്പുലർ ഹ്യുണ്ടായിയുടെ കോടിമതയിലുള്ള സര്‍വ്വീസ് സെന്‍ററില്‍ കാര്‍ പനല്‍കിയപ്പോഴുണ്ടായ ദുരനുഭവമാണ് ജെസിമോളെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. വാഹനം വര്‍ക്ക് ഷോപ്പിലായിരുന്ന കാലാവധിയിൽ ഉപഭോക്താവിന് ടാക്സിയിനത്തിൽ 94,944 രൂപയും, എൻജിൻ എലി കടിക്കാതിരിക്കാൻ പുരട്ടിയ ഓയിൽ മുഖാന്തിരം വന്ന ഡാമേജിന് 1159 രൂപയും, കാർ വെയിലത്തിട്ടതുമൂലം ലതർ സീറ്റ് കവറിനുണ്ടായ കേടുപാടുകള്‍ക്ക് 30,000 രൂപയും കൂടാതെ നഷ്ടപരിഹാരമായി 50,000 രൂപയും ലിറ്റിഗേഷൻ ഇനത്തിൽ 2500 രുപയും ഇൻഷുറൻസ് കമ്പനി വെട്ടിച്ചുരുക്കിയ15,540 രൂപയും കൊടുക്കുവാനാണ് വിധിയായത്.
ഹ്യുണ്ടായ് സർവീസ് സെന്‍ററായ കോട്ടയം കോടിമതയിലെ പോപ്പുലര്‍ മോട്ടോര്‍ വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഓറിയന്‍റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെ ഒന്നു മുതല്‍ മൂന്ന് വരെ എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത പരാതിയില്‍ കൺസ്യൂമർ ഫോറം പ്രസിഡന്‍റ് മനുലാൽ വി.എസ് ആണ് വിധി പറഞ്ഞത്. ഈ വിധിയിൽ നിന്നും ഉപഭോക്താവിന് സത്യസന്ധമായ ഒരു നീതി ലഭിച്ചിരിക്കുന്നുവെന്ന് പല അഭിഭാഷകരും അഭിപ്രായപ്പെട്ടു. ഉപഭോക്താവിനുവേണ്ടി അഡ്വ: ഫ്രാൻസീസ് തോമസ് ഹാജരായി.
കാര്‍ കമ്പനികളുടെ സര്‍വ്വീസ് സെന്‍ററുകള്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്നത് പല രീതിയിലാണ് എന്നതും ചൂണ്ടികാണിക്കപ്പെടുന്നു.
* കൂടുതല്‍ ദിവസം വാഹനത്തിന് പണികള്‍ ഉണ്ടെങ്കില്‍ പകരം കാര്‍ ഉപഭോക്താവിന് നല്‍കണം. അതിന് വാഹനം നിലവിലില്ലെങ്കില്‍ ടാക്സി സൌകര്യങ്ങല്‍ പോലെ പകരം സംവിധാനം ഏര്‍പ്പാടാക്കണം.
* പലപ്പോഴും സ്പെയര്‍ പാര്‍ട്സുകളുടെ കുറവാണ് പണികള്‍ നീളാന്‍ കാരണമായി വര്‍ക്ക് ഷോപ്പില്‍ ചെന്നാല്‍ ഉപഭോക്താവിനോട് പറയുക. എന്നാല്‍ ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കാതെ സ്പെയര്‍ പാര്‍ട്സ് ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളും വര്‍ക്ക് ഷോപ്പില്‍ ഒരുക്കേണ്ട ചുമതല കമ്പനിയുടേതാണ്.
* അഡീഷണല്‍ ഫിറ്റിംഗ്സിന്‍റെയും പോളീഷിങിന്‍റേയും പേരുകളില്‍ അനാവശ്യമായി ഉപഭോക്താവിനെ പിഴിയുന്നതും പതിവാണ്. കമ്പനി എക്സിക്യൂട്ടീവിന്‍റെ വാചകത്തില്‍ വീഴുന്ന ഉപഭോക്താക്കള്‍ നിലവാരം കുറഞ്ഞ ഇത്തരം സംവിധാനങ്ങള്‍ വാഹനത്തില്‍ പരീക്ഷിക്കുന്നത് എഞ്ചിന്‍ ഉള്‍പ്പെടെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയാണ് ചെയ്യുന്നത്.
* വര്‍ക്ക് ഷോപ്പില്‍ അലക്ഷ്യമായി വാഹനം വെയിലത്ത് ഇടുന്നതും മറ്റും നിറം മങ്ങാനും ചില പാര്‍ട്സുകള്‍ കേടാകാനും കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
* സര്‍വ്വീസ് സെന്‍ററും ഇന്‍ഷ്വറന്‍സ് കമ്പനിയുമായുള്ള അവിശുദ്ധകൂട്ടുകെട്ടും വര്‍ക്ക് ഷോപ്പിന് ഉണ്ടാക്കി കൊടുക്കുന്ന ലാഭം ചില്ലറയല്ല. പലപ്പോഴും ഉപഭോക്താവിന് അര്‍ഹതപ്പെട്ട പണം ഇന്‍ഷ്വറന്‍സ് കമ്പനി നിഷേധിക്കാറുണ്ട്. എന്നാല്‍ ഇതേ പറ്റി പഠിക്കാത്ത ഉപഭോക്താവ് കേസിനും മറ്റും പോകാറില്ല എന്നതാണ് വാസ്തവം.