22 October, 2019 06:56:19 PM
മൊബൈല്‍ ടവറുകള്‍ക്ക് നികുതി പിരിക്കുന്നില്ല; ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് കോടികളുടെ നഷ്ടം
ഏറ്റുമാനൂര്‍: നഗരസഭാ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ടവറുകള്‍ക്ക് നികുതി പിരിക്കാത്തതു മൂലം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയ്ക്കുണ്ടായത് കോടികളുടെ നഷ്ടം. 2013ലെ സര്‍ക്കാര്‍ ഉത്തരവിന് ശേഷം മാത്രം കണക്കാക്കിയാല്‍ ഒന്നര കോടി രൂപയോളം നഗരസഭയ്ക്ക് വരുമാനമായി ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നഗരസഭാ കൌണ്‍സിലില്‍ കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കന്‍ ആണ് ഈ വിഷയം ചൂണ്ടികാട്ടിയത്.
തുടര്‍ന്ന് റവന്യു ഇന്‍സ്പെക്ടറെ വിളിച്ച് ചോദിച്ചപ്പോഴാണ് കാലാകാലങ്ങളായി നികുതി പിരിക്കാതെ പ്രവര്‍ത്തിക്കുന്ന 22 മൊബൈല്‍ ടവറുകള്‍ ഏറ്റുമാനൂരില്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് പത്ത് വര്‍ഷം മുമ്പ് സ്ഥാപിച്ച ടവറിനുള്‍പ്പെടെ നികുതി പിരിക്കാനുണ്ട്. ടവറിന് മാത്രമല്ല, വിവിധ കമ്പനികളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് റോഡുകള്‍ കുത്തിപൊളിക്കുന്നതിനും കൃത്യമായി ഫീസ് ഈടാക്കിയിരുന്നില്ല.
റോഡ് വെട്ടിപൊളിച്ച് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് അപേക്ഷ നല്‍കിയിരുന്നു. അമ്മന്‍കോവില്‍ റോഡിലും സെമിത്തേരി റോഡിലും കക്കയം വാട്ടര്‍ ടാങ്ക് റോഡിലും കേബിള്‍ ഇടുന്നതിന് റോഡ് കട്ട് ചെയ്യുന്നതിന് 1041065 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ടവറുകളുടെ നികുതി കുടിശിഖ പിരിച്ചതിനുശേഷം ഇത്തരം നടപടികള്‍ക്ക് അനുവാദം കൊടുത്താല്‍ മതിയെന്ന് ബിജു കൂമ്പിക്കന്‍ ആവശ്യപ്പെട്ടത്.
ടവറുകള്‍ ഏത് കമ്പനിയുടേതാണെങ്കിലും ആരുടെ സ്ഥലത്താണോ സ്ഥാപിക്കുന്നത് ആ സ്ഥലമുടമയാണ് നഗരസഭയില്‍ നികുതി അടയ്ക്കേണ്ടത്. ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് അംഗങ്ങള്‍ മൌനാനുവാദം നല്‍കി പലയിടത്തും ടവറുകള്‍ സ്ഥാപിച്ചു. ഇതിനിടെ നാട്ടുകാരുടെ എതിര്‍പ്പുകള്‍ പലയിടത്തുമുണ്ടായി. 2013ല്‍ മൊബൈല്‍ ടവറുകളുടെ നികുതി ചതുരശ്രമീറ്ററിന് പ്രതിവര്‍ഷം 500 രൂപയായി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 80 മുതല്‍ 200 വരെ ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ടവറുകള്‍ പലയിടത്തും സ്ഥിതി ചെയ്യുന്നത്. പക്ഷെ നികുതി പിരിക്കല്‍ എങ്ങുമെത്തിയിരുന്നില്ല.
2015ല്‍ ഏറ്റുമാനൂര്‍ നഗരസഭ ആയതിനുശേഷവും ഈ ഭാഗത്തേക്ക് ആരും എത്തിനോക്കിയില്ല. ഇതിനിടെ മംഗലം കലുങ്കിനടുത്തും മറ്റും മൊബൈല്‍ ടവറിനെതിരെ ജനങ്ങള്‍ സംഘടിച്ചപ്പോള്‍ ചില അംഗങ്ങള്‍ ഇത് ഭരണസമിതിയുടെ ശ്രദ്ധയില്‍പെടുത്തി. അതിനുശേഷം ആറ് മാസം മുമ്പ് റവന്യു ഇന്‍സ്പെക്ടര്‍ ടവറുകളുടെ നികുതി നിശ്ചയിക്കുന്നതിന് കുറിപ്പെഴുതി സെക്ഷനിലേക്ക് ഫയല്‍ അയച്ചുവെങ്കിലും ഇതുവരെ വെളിച്ചം കണ്ടില്ല.
പണമില്ലാത്തതിന്‍റെ പേരില്‍ നഗരസഭയുടെ വിവിധ പദ്ധതികള്‍ പാതി വഴിയില്‍ നിലയ്ക്കുകയും വായ്പകള്‍ എടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് നികുതിയിനത്തില്‍ ലഭിക്കേണ്ട ഇത്തരം തുകകള്‍ക്കുനേരെ അധികൃതര്‍ കണ്ണടയ്ക്കുന്നത്. നഗരസഭാ പരിധിയിലുള്ള വിവിധ ആശുപത്രികളും വന്‍കിട സ്ഥാപനങ്ങളും എല്ലാം നികുതിവെട്ടിപ്പില്‍ വളരെ മുന്നിലാണ്. സാധാരണക്കാരനെ പിഴിയുന്നതില്‍ ഒട്ടും കുറവ് കാട്ടാത്ത അധികൃതര്‍ ഇവരുടെ നേരെ കണ്ണടയ്ക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.