06 September, 2019 01:48:32 PM
ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ വിവാദ ഐസ് പ്ലാന്‍റ്: അവകാശി നഗരസഭയെന്ന് ചെയര്‍മാന്‍; അല്ലെന്ന് മുന്‍ ചെയര്‍മാന്‍
ഏറ്റുമാനൂര്‍: മത്സ്യമാര്‍ക്കറ്റിലെ ഐസ് പ്ലാന്‍റ് ലേലം ചെയ്തു കൊടുത്ത നഗരസഭാ അധികൃതരുടെ നടപടിയെ ചൊല്ലി കൌണ്‍സില്‍ യോഗത്തില്‍ ബഹളം. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തീകരിക്കാതെയും കൌണ്‍സിലില്‍ ചര്‍ച്ചയ്ക്കു വെക്കാതെയും ചെയര്‍മാന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനെതിരെ അംഗങ്ങള്‍ രംഗത്ത് വരികയായിരുന്നു. പ്രതിപക്ഷ അംഗങ്ങളായ ബോബന്‍ ദേവസ്യയും ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസുമാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തായിരിക്കെ 4 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹൈജീനിക് മത്സ്യമാര്‍ക്കറ്റിലെ പ്രത്യേക ഫ്ലേക്ക് ഐസ് മുറിയിലെ ലക്ഷങ്ങള്‍ വില മതിക്കുന്ന ഫ്രീസറാണ് കഴിഞ്ഞ ദിവസം എടുത്ത് മാറ്റിയത്. ഏഴ് വര്‍ഷമായി ആരും ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന മുറി കച്ചവടത്തിനായി വിട്ടു കൊടുത്താല്‍ വന്‍തുക നഗരസഭയ്ക്ക് വരുമാനമായി ലഭിക്കും എന്ന റവന്യു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലേലം ചെയ്തതെന്നാണ് ചെയര്‍മാന്‍റെയും മറ്റും വിശദീകരണം. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് നഗരസഭയ്ക്കുണ്ടായ നഷ്ടം നിരത്തി വിവാദത്തില്‍ നിന്ന് തലയൂരാനുള്ള ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ ശ്രമം പക്ഷെ പരാജയപ്പെടുകയായിരുന്നു. നഷ്ടം നികത്താനാമെങ്കില്‍ മാര്‍ക്കറ്റിലെ ജീവനക്കാരുടെ വിശ്രമമുറി കൂടി ലേലം ചെയ്തു കൊടുത്തുകൂടെ എന്നായി അംഗങ്ങള്‍.
ഒഴിഞ്ഞുകിടന്ന ഒരു മുറി ലേലം ചെയ്യുന്ന കാര്യം മാത്രമേ മുമ്പ് കൌണ്‍സിലില്‍ ചര്‍ച്ച ചെയ്തിരുന്നുവെള്ളും എന്നും ഐസ് പ്ലാന്‍റ് നീക്കം ചെയ്യുന്നത് അജണ്ടയില്‍ പോലും ഉള്‍കൊള്ളിച്ചിരുന്നില്ലെന്നും ബോബന്‍ ദേവസ്യ കുറ്റപ്പെടുത്തി. ഒരു സ്റ്റാള്‍ ലേലം ചെയ്യുന്നതിന് പകരം അറിയാതെ ഐസ് പ്ലാന്‍റ് ഇരുന്ന മുറിയും കൂടി ലേലം ചെയ്ത ഉദ്യോഗസ്ഥയുടെ തെറ്റ് മറയ്ക്കാനാണ് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി ചെയര്‍മാന്‍ നാടകം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെറ്റ് പറ്റിയെങ്കില്‍ ലേലം അസാധുവാക്കുന്നതിന് പകരം കൌണ്‍സില്‍ തീരുമാനമായി മിനിറ്റ്സില്‍ എഴുതി ചേര്‍ക്കുകയാണ് ചെയ്തത്. ഈ വിഷയം ഏതെങ്കിലും കൌണ്‍സിലിലെ അജണ്ടയില്‍ ഉള്‍കൊള്ളിച്ചത് കാണിക്കാനാവുമോ എന്ന് വെല്ലുവിളിച്ച ബോബന്‍ ദേവസ്യ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെട്ടു. ഇതോടെ ചെയര്‍മാനും അംഗങ്ങളും തമ്മില്‍ വാക്കേറ്റമായി.
മത്സ്യത്തിലിടുവാന്‍ ഗുണനിലവാരമുള്ള ഐസ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ക്കറ്റില്‍ ഐസ് പ്ലാന്‍റ് സ്ഥാപിച്ചത്. മീന്‍ ദിവസങ്ങളോളം കേടാകാതെയിരിക്കുവാന്‍ അമോണിയ കലര്‍ന്ന ഐസ് തന്നെ ഉപയോഗിക്കണം എന്ന കാരണത്താലാണ് ഈ പ്ലാന്‍റ് ഉപയോഗിക്കാന്‍ വ്യാപാരികള്‍ വിസമ്മതിക്കുന്നത്. ജനങ്ങളുടെ നന്മയാണ് നഗരസഭ ലക്ഷ്യമിടുന്നതെങ്കില്‍ ഈ പ്ലാന്‍റില്‍ നിന്നുള്ള ഐസ് മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു ചെയ്യേണ്ടത്. പകരം ചില കൌണ്‍സിലര്‍മാര്‍ക്ക് കൂടി പങ്കുള്ള വ്യാപാരികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയര്‍മാന്‍ ചെയ്യുന്നതെന്ന് ടി.പി.മോഹന്‍ദാസ് കുറ്റപ്പെടുത്തി.
പ്രശ്നം വഷളായതോടെ ആര്‍ക്കും ഉപകാരമില്ലാത്ത ഐസ് പ്ലാന്‍റ് ലേലം ചെയ്ത് വില്‍ക്കാമെന്നായി ചെയര്‍മാന്‍. എന്നാല്‍ ഫിഷറീസ് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാന്‍റ് വില്‍ക്കാന്‍ നഗരസഭയ്ക്ക് അവകാശമുണ്ടോ എന്ന് അംഗങ്ങള്‍ ചോദിച്ചു. ഫിഷറീസ് വകുപ്പ് മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിച്ച് നഗരസഭയ്ക്ക് കൈമാറിയതാണെന്നും ഇപ്പോള്‍ അവകാശി മുനിസിപ്പാലിറ്റി ആണെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ചെയര്‍മാന്‍റെ വാദഗതികളെ പൊളിച്ചടുക്കി നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ രംഗത്തെത്തി. താന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ നാഷണല്‍ ഫിഷറീസ് ബോര്‍ഡിന്‍റെയും കോസ്റ്റല്‍ ഏരിയാ ഡവലപ്മെന്‍റ് അതോറിറ്റിയുടെയും സഹകരണത്തോടെ നിര്‍മ്മിച്ച മാര്‍ക്കറ്റിലെ ഐസ് പ്ലാന്‍റ് എടുത്തു കളയുവാനോ കൈമാറ്റം നടത്തുവാനോ നഗരസഭയ്ക്ക് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
ഐസ് പ്ലാന്‍റ് ആരും ഉപയോഗിക്കുന്നില്ല എന്ന വാദഗതിയേയും മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് എതിര്‍ത്തു. പ്ലാന്‍റ് കേടാണെങ്കില്‍ അത് പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ആവശ്യമില്ലാ എങ്കില്‍ വിവരം നാഷണല്‍ ഫിഷറീസ് ബോര്‍ഡിനെയും കോസ്റ്റല്‍ ഏരിയാ ഡവലപ്മെന്‍റ് അതോറിറ്റിയെയും അറിയിച്ച് മേല്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി. റവന്യൂ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ലേലത്തിന് മുമ്പ് ധനകാര്യസ്ഥിരംസമിതിയുടെ പരിഗണനയ്ക്ക് വിധേയമാക്കണമായിരുന്നു. എന്നാല്‍ തങ്ങള്‍ ഇതേപ്പറ്റി അറിഞ്ഞിട്ടില്ലെന്ന് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയും നഗരസഭാ വൈസ് ചെയര്‍പേഴ്സണുമായ ജയശ്രീ ഗോപിക്കുട്ടന്‍ വെളിപ്പെടുത്തി. അവസാനം ആരോപണങ്ങള്‍ക്കു മുന്നില്‍ ചെയര്‍മാന്‍ മുട്ടുമടക്കുകയും നിയമവിരുദ്ധമായി നടന്ന ലേലം പുനപരിശോധിച്ച് ക്രമക്കേടുകള്‍ കണ്ടെത്തി നിയമവിധേയമാക്കുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.