04 April, 2019 06:49:06 PM
പൊതുകിണര്‍ നികത്തി വെയിറ്റിംഗ് ഷെഡ് പണിത നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
ഏറ്റുമാനൂര്‍: വേനല്‍ രൂക്ഷമായതോടെ കുടിവെള്ളത്തിന് ജനം നെട്ടോട്ടം ഓടി തുടങ്ങി. തദ്ദേശസ്ഥാപനങ്ങള്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഉതകുന്നില്ലെന്ന പരാതിയും ഏറെ. ഇതിനിടെയാണ് നാട്ടിലെ പ്രധാന ജലസ്‌ത്രോതസുകള്‍ അധികൃതരുടെ ഒത്താശയോടെ നശിപ്പിച്ചതും നിലനില്‍ക്കുന്നവ ഉപയോഗ്യമാക്കാന്‍ ശ്രമിക്കാത്തതും ജലക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടാകാണിക്കപ്പെടുന്നത്. മീനച്ചിലാറിന്റെ തീരത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു പൊതുകിണര്‍ നികത്തി വെയിറ്റിംഗ് ഷെഡ് പണിതതിന്റെ ഭവിഷ്യത്തുകള്‍ കുടിവെള്ളം കിട്ടാകനിയായപ്പോഴാണ് പുതുതലമുറ അറിയുന്നത്.
ഏറ്റുമാനൂര്‍ നഗരസഭാ പിരിധിയില്‍ പേരൂര്‍ കിണറ്റിന്‍മൂട് കവലയിലാണ് സംഭവം. കിണറ്റിലെ ജലം വറ്റിതുടങ്ങി എന്ന കാരണം പറഞ്ഞാണേ്രത ഏറ്റുമാനൂരിലെ തന്നെ ഏറ്റവും വലിയ പൊതുകിണര്‍ മൂടി വെയിറ്റിംഗ് ഷെഡ് പണിതു അധികൃതര്‍ വികസനം വരുത്താന്‍ ശ്രമിച്ചത്. കിണര്‍ മണ്ണിട്ട് മൂടി അധികം താമസിയാതെ തന്നെ അതെ സ്ഥലത്ത് ഒരു വെയിറ്റിംഗ് ഷെഡ് ഉയരുകയും ചെയ്തു. മീനച്ചില്‍ ആറിന്റെ തീരത്താണ് എങ്കിലും വേനല്‍ ശക്തമായതോടെ പണ്ട് ഈ കിണറിനെ ആശ്രയിച്ചിരുന്ന പേരൂര്‍ കിണറ്റിന്‍മൂട്, പാറമ്പുഴ ഭാഗങ്ങളില്‍ ജലക്ഷാമം ഏറി.
കിണറ്റിന്‍മൂട് എന്ന പേരില്‍ ഈ പ്രദേശം അറിഞ്ഞു തുടങ്ങിയത് തന്നെ ഈ പഞ്ചായത്ത് കിണറിന്റെ സാന്നിദ്ധ്യം കൊണ്ടായിരുന്നു. പേരൂര്‍ റോഡ് വികസിച്ചപ്പോള്‍ ഇവിടെ ഉടലെടുത്ത ബസ് സ്റ്റോപ്പും അറിയപെട്ടത് ഈ കിണറിന്റെ പേരിലായിരുന്നു. മീനച്ചിലാറ്റില്‍ ജലവിതാനം താഴ്ന്നുവെന്നും കിണറ്റിലെ വെള്ളം വറ്റുന്നുവെന്നും പറഞ്ഞാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമപഞ്ചായത്തിന്റെ അറിവോടെ കിണര്‍ മൂടിയത്. എന്നാല്‍ ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ വെള്ളം ലഭിച്ചിരുന്നതും പരിസരവാസികളില്‍ നല്ലൊരു ശതമാനവും ആശ്രയിച്ചിരുന്നതും ഈ കിണറിനെ ആയിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു.
വെള്ളം വറ്റുന്നുവെന്നു കണ്ടാല്‍ മൂടുന്നതിനു പകരം കിണര്‍ താഴ്ത്തി വൃത്തിയാക്കി ഉപയോഗയോഗ്യമാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സമീപപ്രദേശങ്ങളില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും വലിയ പൊതുകിണറായിരുന്നു കിണറ്റിന്‍മൂട്ടിലേത്. നാട്ടുകാരുടെ പരാതി ഏറിയപ്പോള്‍ കുറച്ചു മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് അധികൃതര്‍ മറ്റൊരു കിണര്‍ കുഴിച്ചു തടിതപ്പി. എന്നാല്‍ ഈ കിണര്‍ നാട്ടുകാര്‍ക്ക് ആവശ്യത്തിനു ഉപകരിക്കുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പഴയ കിണര്‍ ഉണ്ടായിരുന്നുവെങ്കില്‍ നഗരസഭാ പരിധിയില്‍ ജലക്ഷാമം നേരിടുന്ന കുറെ സ്ഥലത്തേക്ക് എങ്കിലും കുടിവെള്ളം എത്തിക്കുവാന്‍ പ്രയോജനപെടുമായിരുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു.