01 March, 2019 04:23:14 PM


അഭിനന്ദൻ വ‌‌ർത്തമാനെ പാക് സൈന്യം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു; കൈമാറ്റം അല്‍പസമയത്തിനകം



വാഗ : വിംഗ് കമാൻഡർ അഭിനന്ദൻ വ‌‌ർത്തമാനെ പാക് സൈന്യം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു. ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാൻ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു. 


കനത്ത സുരക്ഷയിലാണ് അഭിനന്ദനെ വാഗായില്‍ എത്തിച്ചിരിക്കുന്നത്. അഞ്ച് മണിയോടെ ഇന്ത്യക്ക് കൈമാറും എന്നാണ് ആകാശവാണി അറിയിപ്പുകള്‍. അഭിനന്ദനെ വാഗയില്‍ എത്തിച്ചതിന്‍റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെത്തുന്ന അഭിനന്ദനെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കിയ ശേഷം ഡി ബ്രീഫിംഗ് നടക്കും. ഇതിന് ശേഷം മാത്രമായിരിക്കും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുക. 


റെഡ് ക്രോസ് ആയിരിക്കും അഭിനന്ദനെ  സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടായിരിക്കും  പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്. അതിന് ശേഷം വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ് കമാന്‍റന്‍റ് ജെഡി കുരിയൻ ഇന്ത്യയിലേക്ക് സ്വീകരിക്കും. വ്യോമസേനയുടെ ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അഭിനന്ദന്റെ കൈമാറ്റ നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ബീറ്റിങ് ദ് റിട്രീറ്റ് റദ്ദാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K