08 November, 2025 04:12:13 PM
മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികളുടെ സംഘം തട്ടികൊണ്ടുപോയി

കോബ്രി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തോക്കുധാരികളുടെ സംഘം അഞ്ച് ഇന്ത്യക്കാരെ തട്ടികൊണ്ട് പോയി. വ്യാഴായ്ചയാണ് കോബ്രിയില്‍ നിന്ന് തോക്ക് ചൂണ്ടി അഞ്ച് പേരെ തട്ടികൊണ്ട് പോയത്. ഇവര്‍ എല്ലാവരും മാലിയിലെ ഒരു സ്വകാര്യ കമ്പനിയിലെ വയറിങ് ജോലി ചെയ്തിരുന്നവരാണ്. അഞ്ച് പേരെയും തട്ടികൊണ്ട് പോയി എന്ന കാര്യം ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. സായുധ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം.
മാലിയിലെ വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ തട്ടികൊണ്ട് പോയതിന് പിന്നാലെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി. എന്നാല്‍ തട്ടികൊണ്ട് പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാലിയില്‍ ക്രിമിനല്‍ സംഘങ്ങളും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. ഈ മേഖലകളില്‍ വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടികൊണ്ടുപോകലും കൂടുതലാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു സംഘം ഒരു ഇറാന്‍ സ്വദേശിയെയും രണ്ട് എമിറൈറ്റ് സ്വദേശികളെയും തട്ടികൊണ്ട് പോയിരുന്നു. തുടര്‍ന്ന് മോചനദ്രവ്യം നല്‍കിയാണ് ഇവരെ മോചിപ്പിച്ചത്.





