16 December, 2025 09:24:15 AM


ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറുടെയും ഭാര്യയുടെയും മരണം; മകന്‍ അറസ്റ്റില്‍



ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറെയും ഭാര്യ മിഷേലിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ നിക്ക് റെയ്‌നര്‍ അറസ്റ്റില്‍. റെയ്‌നറെയും മിഷേലിനെയും നിക്ക് കുത്തിക്കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു.

ഞായറാഴ്ചയായിരുന്നു റോബ് റെയ്‌നറെയും മിഷേലിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോസ് ആഞ്ചല്‍സ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബ്രെന്റ്വുഡ് പരിസരത്താണ് ഇവരുടെ വീട്. നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന സ്ഥലമാണിത്. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സംവിധായകന്‍ റോബ് റെയ്നറും ഭാര്യയുമാണെന്ന് വ്യക്തമായത്. വിശദമായ പരിശോധനയിലാണ് അന്വേഷണം നിക്കിലേക്ക് നീങ്ങിയത്. റോബ്-മിഷേല്‍ ദമ്പതികളുടെ ഇളയ മകനാണ് നിക്ക്. ഇവര്‍ക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്.

ഹോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളായാണ് റോബ് റെയ്നര്‍ വിലയരുത്തപ്പെടുന്നത്. 1980-90 കളില്‍ റോബിന്റേതായി നിരവധി സിനിമകള്‍ പിറന്നു. 'ദിസ് ഈസ് സ്പൈനല്‍ ടാപ്പ്, എ ഫ്യൂ ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദി പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, എ ഫ്യൂ ഗുഡ് മെന്‍, ദി ബക്കറ്റ് ലിസ്റ്റ്, ഫ്ളിപ്പഡ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് റോബ് സംവിധാനം ചെയ്തത്. 1970കളില്‍ നടനായും ഇദ്ദേഹം തിളങ്ങിയിരുന്നു. രണ്ട് എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കോമഡി ഇതിഹാസം കാള്‍ റെയ്നറുടെ മകനാണ് റോബ് റെയ്നര്‍, ഭാര്യ മിഷേല്‍ ഫോട്ടോഗ്രാഫറാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958