11 September, 2025 10:38:24 AM


ഇസ്രയേൽ ആക്രമണം: യമനിൽ 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്



സനാ: യമൻ തലസ്ഥാനമായ സനായിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി. വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ആക്രമണം നടന്നത്. 35 പേർ കൊല്ലപ്പെട്ടതായും 130 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണം ഉണ്ടായത്.

സനായിലെ അല്‍-തഹ്രീര്‍ പരിസരത്തെ വീടുകള്‍, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ സ്ഥാപനം, അല്‍-ജൗഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ കോംപൗണ്ട് എന്നിവയുള്‍പ്പെടെ സാധാരണക്കാര്‍ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസിറ ടിവി റിപ്പോര്‍ട്ട് പ്രകാരം, സനായുടെ തെക്കുപടിഞ്ഞാറുള്ള ആരോഗ്യമേഖലയിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തിനുനേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

അതേസമയം, ഇസ്രയേല്‍ ജെറ്റുകള്‍ക്കുനേരെ തങ്ങളുടെ ഭൂതല-വ്യോമ മിസൈലുകള്‍ ഉപയോഗിച്ചെന്നും ഇതോടെ ചില ഇസ്രായേല്‍ ജെറ്റുകള്‍ ആക്രമണം നടത്താതെ മടങ്ങിയെന്നും ഹൂതി സൈനികവക്താവ് യഹ്യ സരീ പറഞ്ഞു. ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണ് യെമെനിലെ ആക്രമണമെന്ന് ഐഡിഎഫ് പ്രതികരിച്ചു. ബോംബാക്രമണം നടത്തിയത് യെമെന്‍ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. തലസ്ഥാനമായ സനായിലെ പവര്‍പ്ലാന്റ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഖത്തര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K