23 February, 2026 12:14:29 PM
ട്രംപിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമം; ആയുധധാരിയെ വെടിവെച്ച് കൊലപ്പെടുത്തി

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ എസ്റ്റേറ്റിലെ വസതിയുടെ സുരക്ഷാ മേഖലയിൽ അതിക്രമിച്ചുകയറിയ ആയുധധാരിയായ യുവാവിനെ യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥനും ചേർന്ന് വെടിവെച്ചു കൊന്നു. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1:30-ഓടെ എസ്റ്റേറ്റിന്റെ വടക്കേ ഗേറ്റിന് സമീപം ഷോട്ട്ഗണും ഇന്ധനം നിറച്ച ക്യാനുമായാണ് അക്രമിയെ കണ്ടെത്തിയതെന്ന് സീക്രട്ട് സർവീസ് അറിയിച്ചു.
സീക്രട്ട് സർവീസ് ഏജന്റുമാരും ഷെരീഫിന്റെ ഡെപ്യൂട്ടി ഉദ്യോഗസ്ഥനും ഇയാളെ തടയുകയും ഏറ്റുമുട്ടലിനിടയിൽ വെടിയുതിർക്കുകയുമായിരുന്നു. അക്രമി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്ന നടപടികൾ പൂർത്തിയാകാത്തതിനാൽ പുറത്തുവിട്ടിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നതായും നോർത്ത് കരോലിനയിൽ നിന്ന് ഫ്ലോറിഡയിലേക്ക് യാത്ര ചെയ്ത ഇയാൾ വഴിമധ്യേയാണ് ആയുധം സംഘടിപ്പിച്ചതെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കിന്റെ ബോക്സ് കണ്ടെടുത്തിട്ടുണ്ട്.





