03 September, 2025 09:26:12 AM
പാകിസ്ഥാനില്‍ മൂന്ന് ചാവേറാക്രമണങ്ങള്‍; 25 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ബലൂചിസ്ഥാന്‍: പാകിസ്ഥാനില്‍ മൂന്നിടങ്ങളിലായി നടന്ന ചാവേർ സ്‌ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലുചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 14 പേരും ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെയാണ് ക്വറ്റയില്‍ സ്‌ഫോടനം നടന്നത്. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ പരിപാടിക്കിടെ നടന്ന സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
പാര്‍ട്ടി നേതാവായ അഖ്താര്‍ മെങ്ഗാള്‍ പ്രസംഗിച്ചതിന് ശേഷം വേദി വിടുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ബലൂചിസ്ഥാനില്‍ കൂടുതല്‍ അവകാശങ്ങളും നിക്ഷേപങ്ങളും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് റാലി നടത്തിയത്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ പാകിസ്ഥാനിലെ അര്‍ധസൈനിക വിഭാഗത്തിലുള്‍പ്പെട്ടെ സൈനികരാണ്. സൈനിക വാഹനങ്ങളുടെ കോണ്‍വോയ് കടന്നുപോകുന്നതിനിടെയാണ് ഇതിലേക്ക് വാഹനം ഇടിച്ചുകയറ്റി സ്ഫോടനം നടത്തിയത്. ബലൂചിസ്ഥാനില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.