24 January, 2026 01:47:06 PM
പാകിസ്ഥാനിൽ വിവാഹ വീട്ടിൽ ചവേർ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വിവാഹ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. പ്രവിശ്യയിലെ സമാധാന സമിതി അംഗമായ നൂർ അലം മെഹ്ദൂസിന്റെ വസതിയിലാണ് ചാവേർ സ്ഫോടനമുണ്ടായത്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി അതിഥികൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അതിനിടെയാണ് ചവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മുറിയുടെ മേൽക്കൂര പൂർണമായും തകർന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ സമാധാന സമിതി നേതാവ് വിഹീദുല്ല മഹ്സൂദ് ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സ്ഫോടനത്തെ ശക്തമായി അപലപിച്ചു.





