10 January, 2019 08:19:55 PM
മന്ത്രിയെത്തും മുമ്പേ ഉദ്ഘാടനവേദിക്കു ചുറ്റും പുക; വെള്ളമൊഴിച്ച് തീകെടുത്തി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍
ഏറ്റുമാനൂര്‍: മന്ത്രിയെത്തും മുമ്പേ ഉദ്ഘാടനവേദിക്കു ചുറ്റും പുക നിറഞ്ഞത് കണ്ട് പരിഭ്രാന്തരായി നഗരസഭാ അധികൃതര്‍. ഏറ്റുമാനൂരില്‍ വനിതാ റിസോഴ്സ് സെന്‍ററിന്‍റെ ഉദ്ഘാടനത്തിന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ വരുമെന്നറിയിച്ച സമയത്തിന് അര മണിക്കൂര്‍ മുമ്പാണ് വ്യാഴാഴ്ച നഗരസഭാ ആസ്ഥാനത്തിനു ചുറ്റും പുകപടലങ്ങള്‍ നിറഞ്ഞത്.
നഗരസഭാ ഓഫീസിന് താഴെ സ്വകാര്യ ബസ് സ്റ്റാന്‍റിനും പച്ചക്കറി മാര്‍ക്കറ്റിനും ഇടയില്‍ കിടന്ന മാലിന്യകൂമ്പാരത്തിന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആരോ തീയിട്ടതാണ് പ്രശ്നമായത്. സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്ന് മനസിലാക്കിയ നഗരസഭാ അധികൃതര്‍ ഉടന്‍തന്നെ ബക്കറ്റുകളുമായി രംഗത്തെത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ തൊട്ടടുത്ത ടാപ്പില്‍ നിന്നും വെള്ളം ശേഖരിച്ച് ഒഴിച്ച് തീയണക്കുകയായിരുന്നു അവര്‍.