04 July, 2017 12:57:45 PM


ഡിജിപി ബഹ്റ സ്വിച്ച് ഓണ്‍ കർമ്മം നിര്‍വ്വഹിച്ച ദിലീപ് ചിത്രം പ്രതിസന്ധിയില്‍



തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റ സ്വിച്ച് ഓണ്‍ കർമ്മം നിർവഹിച്ച ദിലീപ് ചിത്രം പ്രതിസന്ധിയില്‍. യുവനടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണം ദിലീപിനെ ചുറ്റിപ്പറ്റി നീങ്ങുന്നതിനിടെയാണ് പ്രൊഫസര്‍ ഡിങ്കന്‍ എന്ന ഒരു ദിലീപ് ചിത്രത്തിന്‍റെ പൂജ വിവാദമായിരിക്കുന്നത്. ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ബിഗ്ബജറ്റ് ത്രീഡി ചിത്രമാണ്  പ്രൊഫസര്‍ ഡിങ്കന്‍.  ദിലീപിനെ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ലോക്നാഥ് ബഹ്റ ഡിജിപിയായി വീണ്ടും സ്ഥാനം ഏറ്റെടുത്തത്. ദിലീപിനൊപ്പം അദ്ദേഹം നില്‍ക്കുന്ന ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാണ്. 


ദിലീപും ഡി.ജി.പി.യും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം സൂചിപ്പിക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഈ സാഹചര്യത്തില്‍ കേസന്വേഷണം എങ്ങിനെ സുഗമമായി മുന്നോട്ടുപോകുമെന്നും ചോദ്യങ്ങള്‍ ഉയരുന്നു. ചിത്രത്തില്‍ ദിലീപ് ഒരു ഇന്ദ്രജാലക്കാരനായാണ് എത്തുന്നത്. ക്യാമറാമാന്‍ രാമചന്ദ്രബാബുവിന്റെ കന്നി സംവിധാനസംരംഭമാണിത്. കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ ചോദ്യംചെയ്യലുകളും കൊച്ചി വിട്ടുപോകരുതെന്ന പോലീസിന്റെ നിര്‍ദേശവുമെല്ലാം നിര്‍മാണത്തിലിരിക്കുന്ന ചിത്രങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.



ഇന്ത്യയിലും വിദേശത്തുമായി ബിഗ്ഗ് ബജറ്റില്‍ ഒരുങ്ങുന്ന ത്രിഡി ചിത്രം ഡിങ്കനു പുറമെ മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്ബാട്ട് സംവിധാനംചെയ്യുന്ന കമ്മാരസംഭവമാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ദിലീപ് ചിത്രം. ടോമിച്ചന്‍‌ മുളകുപാടത്തിന്‍റെ ദിലീപ് ചിത്രമായ രാമലീല എന്ന ചിത്രത്തിന്‍റെ റീലീസ് നേരത്തെ മാറ്റിവെച്ചിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്താല്‍ ചിത്രത്തിനെതിരെ ജനങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്നത് അറിവില്ലാത്തതിനാലാണ് റിലീസ് മാറ്റിവെച്ചതെന്ന് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K