21 July, 2025 12:29:19 PM
റേസിംഗിനിടെ അജിത് കുമാറിന്റെ കാർ തകർന്നു, അദ്ഭുതകരമായി രക്ഷപ്പെട്ട് താരം

ഇറ്റലി: ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസിൽ നടനും റേസിംഗ് പ്രേമിയുമായ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇരു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. GT4 യൂറോപ്യൻ സീരീസിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെ മിസാനോ ട്രാക്കിൽ വെച്ചാണ് സംഭവം. കൂട്ടിയിടിച്ചിട്ടും അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.
ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിൻ്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യം GT4 യൂറോപ്യൻ സീരീസിൻ്റെ എക്സ് പേജ് ആണ് പുറത്തുവിട്ടത്. ഗുരുതരമായേക്കാവുന്ന ഒരു അപകടം ഒഴിവാക്കുന്നതിൽ അദ്ദേഹത്തിൻ്റെ അനുഭവപരിചയം നിർണായകമായെന്നാണ് വിലയിരുത്തൽ. റേസ്ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.