30 August, 2025 09:26:48 AM
നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര ഉയരുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി മുഖ്യാതിഥിയാകും.
കായലിന്റെ 1150 മീറ്റര്‍ നീളത്തില്‍ നാലു ട്രാക്കുകളായാണ് മത്സരം. രാവിലെ 11 മുതല്‍ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. 21 ചുണ്ടന്‍വള്ളങ്ങള്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്.
ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ മുതല്‍ ട്രാക്കുണരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. 4 മണിക്കാണ് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം മില്ലി സെക്കന്‍ഡ് വരെ രേഖപ്പെടുത്തുന്ന മത്സരത്തില്‍ മികച്ച സമയം കുറിക്കുന്ന 4 ചുണ്ടന്‍വള്ളങ്ങളാണു നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനലില്‍ പോരാടുക. പാസ് ഉള്ളവര്‍ക്കു മാത്രമാണു വള്ളംകളി കാണാന്‍ ഗാലറികളില്‍ പ്രവേശനം.
നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചു ഇന്ന് ആലപ്പുഴയിലേക്ക് കൂടുതല്‍ ബസ്, ബോട്ട് സര്‍വീസുകളും ഉണ്ടാകും. ആലപ്പുഴ നഗരത്തില്‍ രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കും. രാവിലെ 6 മുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കുമെന്നും അധികൃതര്‍ അറിയിച്ചു.