10 October, 2025 08:35:58 PM
ആനയുമായുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ആന്റണി വർഗീസിന് പരിക്ക്

തായ്‌ലൻഡിൽ നടക്കുന്ന 'കാട്ടാളൻ' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് (പെപ്പെ) അപകടം. ആനയുമായുള്ള ആക്ഷൻ നിറഞ്ഞ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടത്തിൽ താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെപ്പെ ഇപ്പോൾ വിശ്രമത്തിലാണ്. അപകട പശ്ചാത്തലത്തിൽ 'കാട്ടാളൻ' സിനിമയുടെ അടുത്ത ഷെഡ്യൂൾ താത്കാലികമായി മാറ്റിവച്ചു.
ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയുടെ രംഗങ്ങളുടെ ചിത്രീകരണവും തായ്‌ലൻഡിൽ ഉണ്ടായിരുന്നു.