02 July, 2017 05:41:33 PM
നടി ആക്രമിക്കപ്പെട്ട സംഭവം: അമ്മയെ പിരിച്ചുവിടണമെന്ന് ഗണേഷ് കുമാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്നു കാട്ടി സംഘടനയിലെ അംഗവും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റ് ഇന്നസെന്റിനു കത്തു നൽകി. ആരോപണങ്ങളും പിഴവുകളും അക്കമിട്ടു നിരത്തി പ്രസിഡന്റായ ഇന്നസെന്റിനെതിരേ രൂക്ഷവിമർശനവുമായാണ് പത്തിലധികം പേജ് വരുന്ന കത്ത് ഗണേഷ് കുമാർ കൈമാറിയിരിക്കുന്നത്. സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോഴും സഹപ്രവർത്തകനെ മാധ്യമങ്ങള് വേട്ടയാടുമ്പോഴും നിസംഗത പാലിച്ച അമ്മ കപടമാതൃത്വം ഒഴിയണമെന്നും ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെടുന്നു.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ താൻ ഇന്നസെന്റിനെ വിളിച്ച് ശക്തമായ നടപടിക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പൊതുയോഗത്തിലും മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന രഹസ്യയോഗത്തിലും നടപടിയെ ഒതുക്കുകയാണ് ഇന്നസെന്റ് ചെയ്തത്. താൻ ആവശ്യപ്പെട്ടിട്ടും ഇന്നസെന്റ് വിഷയത്തിൽ ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്കു പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണെന്ന് ഓർക്കണം. ഒപ്പമുള്ളവരെ സംരക്ഷിക്കാൻ കഴിയാത്ത സംഘടന അപ്രസക്തമാണെന്ന് ഗണേഷ് കുമാർ കത്തിൽ പറയുന്നു.
പത്രമാധ്യമങ്ങൾ ദിലീപിനെ വേട്ടയാടി. ഈ സാഹചര്യത്തിലും അമ്മ നിസംഗത പാലിച്ചു. ദിലീപിനെതിരായ തെറ്റായ നീക്കങ്ങളോടു പ്രതികരിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിനെ "അമ്മ' സംരക്ഷിച്ചില്ല, അദ്ദേഹത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചില്ല. സംഘടനയിലെ ഒരംഗം ആക്രമിക്കപ്പെടുന്പോൾ സത്യത്തിനു വേണ്ടി ശബദ്മുയർത്താൻ അമ്മയ്ക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അമ്മ പിരിച്ചുവിടുകയും അവരവരുടെ കാര്യം അവരവർ നോക്കാൻ പറയുകയും ചെയ്യുന്നതാവും മാന്യത. ഇത്തരമൊരു സംഘടന സിനിമയ്ക്കു നാണക്കേടാണ്- ഗണേഷ് കുമാർ കത്തിൽ പറയുന്നു.
ദിവസങ്ങൾക്കു മുമ്പു നടന്ന വാർത്താ സമ്മേളനത്തിൽ സംഘടനയെ ഏറെ പ്രതിരോധിക്കുകയും തങ്ങൾ ഒറ്റക്കെട്ടാണെന്നു രോഷം കൊള്ളുകയും ചെയ്ത ഗണേഷ് കുമാറാണ് ദിവസങ്ങൾക്കുശേഷം നിലപാടിൽ മലക്കം മറിഞ്ഞിരിക്കുന്നത്. അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹൻലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.