04 June, 2017 05:28:42 PM
പ്രധാനമന്ത്രിയുടെ പിന്തുണ; മഹാഭാരതം മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിലെത്തും
അബുദാബി: എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മഹാഭാരതം മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിൽ തന്നെ റിലീസ് ചെയ്യും. മറ്റു ഭാഷകളിൽ മഹാഭാരതം എന്ന പേരിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ നിർമാതാവ് ബി.ആർ. ഷെട്ടി അറിയിച്ചു.
രണ്ടാമൂഴം സിനിമയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അറിയിച്ചു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ചിത്രത്തിനു പ്രധാനമന്ത്രിയുടെ പിന്തുണ. ജൂൺ ഏഴിനു സിനിമയുടെ അണിയറ പ്രവർത്തകർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിന് മഹാഭാരതം എന്നു പേരിടരുതെന്നും അങ്ങനെ ചെയ്താൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ആരുടെയും ഭീഷണിക്കു മുന്നിൽ വഴങ്ങിയല്ല ചിത്രത്തിന് രണ്ടാമൂഴം എന്ന പേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ചിത്രീകരണം അബുദാബിയിലാണ് ആരംഭിക്കുന്നത്. ആയിരം കോടി ബജറ്റിൽ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായി നിർമിക്കുന്ന രണ്ടാമൂഴത്തിൽ മോഹൻലാലിനൊപ്പം ഇന്ത്യയിലെ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തും. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും മികച്ച സാങ്കേതിക വിദഗ്ധരും ചിത്രത്തിൽ അണിനിരക്കും. 2020-ല്‍ ആണ് റിലീസ്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.