02 May, 2017 11:19:49 AM
മമ്മൂട്ടിയെ ആക്ഷേപിച്ച് ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ
മുംബൈ: മെഗാ സ്റ്റാർ മമ്മൂട്ടിയെ ആക്ഷേപിച്ച് ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ. മമ്മൂട്ടിയെ 'സി ഗ്രേഡ് നടന്‍' എന്ന് ആക്ഷേപിച്ചാണ് കെ.ആര്‍.കെയുടെ പുതിയ ട്വീറ്റ്. മോഹന്‍ലാല്‍, താങ്കളെ അധിക്ഷേപിക്കുന്നതിനായി മമ്മൂട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് നടനെ എനിക്ക് അറിയുക കൂടിയില്ല -എന്നാണ് ട്വീറ്റിന്‍റെ പൂർണരൂപം.
മോഹൻ ലാലിനെ ഛോട്ടാ ഭീം എന്ന് പരിഹസിച്ചതിന് പിന്നാലെയാണ് മമ്മൂട്ടിയെ സി ഗ്രേഡ് നടന്‍ എന്ന് ആക്ഷേപിച്ചിരിക്കുന്നത്. എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമാണ് മോഹന്‍ലാലിനെ പരിഹസിച്ച് കെ.ആര്‍.കെ രംഗത്തെത്തിയത്. ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്നും ചിത്രം നിര്‍മ്മിച്ച് ബി.ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും കെ.ആര്‍.കെക്കെതിരെ രംഗത്ത് വന്നിരുന്നു.
കെ.ആർ.കെക്ക് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളിയും തുടങ്ങി. ചിലർ മലയാളത്തിൽ തന്നെ തെറിവിളിയുമായി രംഗത്തെത്തി. ഇതോടെ മലയാളികളെയും മോഹൻലാലിനെയും പരിഹസിച്ച് വീണ്ടും കെ.ആര്‍.കെ രംഗത്തെത്തി. ഒരു സിനിമയിലെ മോഹൻലാലിന്‍റെ ഫോട്ടോ ഷെയർ ചെയ്താണ് വീണ്ടും കോമാളിയെന്ന് വിളിച്ചത്. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ കോമാളി ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.
ബാഹുബലി താരം പ്രഭാസ് ആണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനെന്നും കൃഷ്ണനായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേർത്തു. താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്നുമായിരുന്നു ട്വീറ്റ്.