07 April, 2017 10:26:37 AM
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന്; മലയാളത്തില്‍ നിന്ന് 10 ചിത്രങ്ങൾ
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് ദില്ലിയില്‍ പ്രഖ്യാപിക്കും. കമ്മട്ടിപ്പാടം അടക്കം പത്തു ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് 64 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഫീച്ചര്‍ വിഭാഗത്തിലെ ജേതാക്കളെ കണ്ടെത്തുക.
വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്ന് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളായിരുന്നു ദേശീയ ജൂറിക്കുമുന്നില്‍. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രികള്‍ ഉണ്ട്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. സാങ്കേതിക വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നവയുടെ പട്ടികയില്‍ മഹേഷിന്റ പ്രതികാരം, ഒറ്റയാള്‍ പാത, പിന്നെയും എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെട്ടതായാണ് വിവരം.
കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരങ്ങളില്‍ മികച്ച നടനായ വിനായകന് ബോളിവുഡ്, മറാത്തി, തമിഴ് സിനിമകളില്‍ നിന്നുള്ള നടന്മാരുമായാണ് മത്സരം. മലയാളത്തില്‍ നിന്ന് കഴിഞ്ഞ തവണ എട്ട് എന്‍ട്രികളാണ് പ്രാദേശിക ജൂറി ദേശീയ ജൂറിക്ക് സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ തവണ നാല് പുരസ്‌കാരങ്ങളും പ്രത്യേക ജൂറി പരാമര്‍ശവും മലയാളത്തിന് ലഭിച്ചിരുന്നു. ഇത്തവണ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മുന്‍വര്‍ഷത്തേത് പോലെ ബോളിവുഡിന് പുരസ്‌കാരങ്ങളില്‍ മേല്‍ക്കൈ ലഭിച്ചാലും അത്ഭുതപ്പെടാനില്ല. ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോര്‍, രമണ്‍ രാഘവ് തുടങ്ങിയ സിനിമകള്‍ ബോളിവുഡില്‍ നിന്ന് മത്സരരംഗത്തുണ്ടെന്നാണ് സൂചന