28 February, 2017 05:29:10 PM
പുത്രാവകാശത്തർക്കം: ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധദമ്പതികൾ കോടതിയിൽ
ചെന്നൈ: തെന്നിന്ത്യൻ താരം ധനുഷ് തെളിവെടുപ്പിനായി മദ്രാസ് ഹൈകോടതിയില്‍ ഹാജരായി. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളുടെ പരാതിയിന്മേലുള്ള തെളിവെടുപ്പിനാണ് ഹാജരായത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മധുര ബഞ്ചിനു മുന്നിലാണ് ധനുഷ് നേരിട്ട് ഹാജരായത്. തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനക്കായി അമ്മ വിജയലക്ഷ്മിക്കൊപ്പമാണ് താരം കോടതിയില്‍ എത്തിയത്.
വൃദ്ധദമ്പതികളുടെ പരാതി വ്യാജമാണെന്നും കോടതി കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് മറ്റൊരു പരാതി ധനുഷ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന വാദത്തിൽ സ്കൂൾ സർട്ടിഫിക്കറ്റിന്‍റെ കോപ്പി ഇരുവരും സമർപ്പിച്ചിരുന്നു. എന്നാൽ കോപ്പി വേണ്ടെന്നും സ്കൂളിലെ ഒറിജിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവരാനും കോടതി ആവശ്യപ്പെടുകയായിരുന്നു.
ധനുഷിന്‍റെ സ്കൂൾ കാലഘട്ടങ്ങളിലെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം ദമ്പതികളോട് ഉത്തരവിട്ടിരുന്നു. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ ഡി.എൻ.എ ടെസ്റ്റ് നടത്താൻ തയാറാണെന്നും കോടതിയിൽ ഇവർ വ്യക്തമാക്കിയിരുന്നു.
കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു.ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ധനുഷ് കോടതിയിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് തെറ്റാണെന്നും മധുരയിലാണ് ധനുഷ് ജനിച്ചതെന്നും ഇവർ ആരോപിക്കുന്നു.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്‍റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു.ധനുഷിന്‍റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ദമ്പതികൾ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്‍റെ യഥാർത്ഥപേര്. നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.