29 December, 2016 12:11:19 PM
തിയറ്ററുകളില്‍ മലയാള ചലച്ചിത്ര പ്രദര്‍ശനം നാളെ നിര്‍ത്തും
കൊച്ചി: തിയറ്റർ ഉടമകളും നിർമാതാക്കളും വിതരണക്കാരും തമ്മിലുള്ള ശീതസമരം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. തീയേറ്ററുകളില്‍ പുതിയ പടങ്ങള്‍ എത്താത്തതു മൂലമുണ്ടായ പ്രതിസന്ധി വീണ്ടും വര്‍ദ്ധിക്കുകയാണ് നാളെ മുതല്‍. നിലവില്‍ തിയറ്ററുകളിലുള്ള മലയാള ചലച്ചിത്രങ്ങൾ കൂടി പിൻവലിക്കാൻ നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തീരുമാനിച്ചു. ഇപ്പോൾ തിയറ്ററുകളിലുള്ള ചിത്രങ്ങള്‍ നാളെ മുതൽ പ്രദർശിപ്പിക്കില്ല.
തിയറ്ററുകളിൽ നിന്ന് ഉടമകൾക്കു ലഭിക്കുന്ന വരുമാന വിഹിതം ഏകപക്ഷീയമായി നാൽപതിൽ നിന്ന് അൻപതു ശതമാനമായി വർധിപ്പിച്ച ഫെഡറേഷൻ നടപടിയിൽ പ്രതിഷേധിച്ചാണു നിർമാതാക്കളും വിതരണക്കാരും പുതിയ റിലീസ് വേണ്ടെന്നു വച്ചതും നിലവിലെ ചിത്രങ്ങൾ പിൻവലിക്കുന്നതും. തൽസ്ഥിതി തുടരാനും വിഹിതം തീരുമാനിക്കാൻ കമ്മിഷനെ നിയോഗിക്കാമെന്നുമുള്ള സംസ്ഥാന സർക്കാർ നിർദേശം തിയറ്റർ ഉടമകൾ തള്ളിയതോടെയാണു പ്രതിസന്ധി രൂക്ഷമായത്.
പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന മുൻ തീരുമാനം മറികടന്നു തമിഴ് ചിത്രമായ കത്തി സണ്ടൈയും ഹിന്ദി ചിത്രമായ ദംഗലും തിയറ്ററുകളിലെത്തിച്ച വിതരണ കമ്പനികളുമായി ഭാവിയിൽ സഹകരണം വേണ്ടെന്നും സംയുക്ത യോഗം തീരുമാനിച്ചു. രമ്യ ഫിലിംസാണു കത്തി സണ്ടൈ വിതരണത്തിനെടുത്തത്. യുടിവിയാണു ദംഗലിന്‍റെ വിതരണക്കാർ. പ്രശ്നം പരിഹരിക്കപ്പെടുമ്പോൾ, വിലക്കു മൂലം റിലീസ് മുടങ്ങിയ ആറു മലയാള ചിത്രങ്ങൾക്ക് ഒരു മാസം മൽസര രഹിത സാഹചര്യം ലഭ്യമാക്കാനാണു മറ്റൊരു തീരുമാനം. ഒരു മാസത്തേക്ക് മറ്റു ചിത്രങ്ങൾ റിലീസ് ചെയ്യില്ല.
ജോമോന്‍റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി, വേദം, കാംബോജി എന്നീ ക്രിസ്മസ് ചിത്രങ്ങളാണു റിലീസ് വിലക്കിൽപ്പെട്ടത്. നിലവിലെ ചിത്രങ്ങൾ കൂടി പിൻവലിക്കാനുള്ള തീരുമാനത്തോടെ പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളും തിയറ്ററുകൾ വിടും. ഫലത്തിൽ, ഏതാനും ഇതരഭാഷാ ചിത്രങ്ങൾ മാത്രമാകും കേരളത്തിലെ തിയറ്ററുകളിൽ. ചലച്ചിത്രമേഖലയ്ക്ക് നഷ്ടപ്പെടുന്നത് ഉത്സവകാല വരുമാനവും.