25 November, 2016 12:40:31 PM


ഗോസിപ്പുകള്‍ക്ക് വിരാമം; പറന്നു പോയ കിളി തിരിച്ചെത്തിയത് ജീവിതത്തിലേക്ക്



കൊച്ചി: ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദം അതിരു വിടുന്നുവെന്നു തുടങ്ങി ഇരുവരും വിവാഹിതരാവുന്നു എന്നു വരെയുള്ള ഗോസിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടായിരുന്നു ഇന്ന് കൊച്ചിയില്‍ നടന്ന ഇരുവരുടെയും വിവാഹം.  പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡികളായിരുന്നു ഒരു കാലത്ത് ദിലീപും മഞ്ജു വാര്യരും. തന്‍റെ കഴുത്തില്‍ ദിലീപ് മിന്ന് ചാര്‍ത്തിയതോടെ സിനിമാഭിനയത്തില്‍ നിന്നും മഞ്ജു വാര്യര്‍ മാറിനിന്നത് തന്‍റെ വിടവില്‍ കാവ്യ മാധവനെ പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നുവെന്നാണ് ആരാധകപക്ഷം. എന്നാല്‍ അത് ദിലീപിന്‍റെ ജീവിതത്തിലെ സ്ഥിര പ്രതിഷ്ടയാകുമെന്നത് മഞ്ജു സ്വപ്നേപി കരുതിയിരുന്നില്ല.


ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു സസ്പെന്‍സ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് സമമായിരുന്നു ദിലീപും മഞ്ജുവും കാവ്യയും. ദിലീപിന്‍റെയും മഞ്ജുവിന്‍റെയും ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങിയത് ദിലീപ്-കാവ്യ പ്രണയം ശക്തമായതോടെയാണ്. ദിലീപിന്‍റെയും മഞ്ജുവിന്‍റെയും ഇടയിലുള്ള പ്രശ്നം താനല്ല എന്ന് വരെ കാവ്യ പറഞ്ഞിരുന്നു. ഗോസപ്പുകളുടെ ഓരോ ഘട്ടത്തിലും അതില്‍ കഴമ്പില്ലെന്നും അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി ദിലീപും കാവ്യയും രംഗത്തെത്തിയിരുന്നു. പക്ഷേ, ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു കാവ്യ-നിശാല്‍ ബന്ധത്തെയും ദിലീപ്-മഞ്ജു ബന്ധത്തെയും വിവാഹമോചനത്തിലെത്തിച്ചതെന്ന് ഉറപ്പിക്കുന്ന നിരവധി കിംവദന്തികള്‍ പുറത്തുവന്നിരുന്നു.



ദിലീപ്-കാവ്യ ബന്ധം എങ്ങനെ മഞ്ജുവാര്യരുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചുവെന്ന് വ്യക്തമാക്കി സിനിമാമംഗളത്തില്‍ വന്ന ലേഖനം അന്ന് വെറുമൊരു ഗോസിപ്പ് മാത്രമാണെന്ന മട്ടിലാണ് പലരും വിലയിരുത്തിയത്. പക്ഷേ, ഇന്ന് ദിലീപും കാവ്യയും വിവാഹിതരാകുന്നതോടെ അന്ന് എഴുതിയ ലേഖനം വീണ്ടും ചര്‍ച്ചയാകുകയാണ്. 


വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയില്‍ എങ്ങനെ എത്തിയെന്നും മറ്റുമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ 2014 സെപ്റ്റംബറില്‍ പുറത്തുവന്ന ലേഖനത്തില്‍ കാവ്യയും ദിലീപുമായുള്ള ബന്ധം ലേഖകന്‍ തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള ലേഖകന്‍റെ തുറന്നുപറച്ചില്‍ സൈബര്‍ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഒരു പത്രലേഖകന്‍റെ ഭാവനയ്ക്കപ്പുറം ഈ കഥകളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി മാറുകയാണ് ഇന്നു നടന്ന കാവ്യ-ദിലീപ് വിവാഹം.

മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് അന്ന് ലേഖനത്തില്‍ വെളിപ്പെടുത്തിയത്.


മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കാവ്യയെ വേണ്ടെന്നുവച്ച്‌ ദിലീപ് തിരിച്ചുവിളിച്ചാല്‍ ഇപ്പോള്‍ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച്‌ മഞ്ജു വാര്യര്‍ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല.



ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യര്‍ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്‍റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്കു കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകള്‍ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്‍റെ വിവാഹമായിരുന്നു അതെന്നാണ് ലേഖനത്തില്‍ പറയുന്നത്.


കാവ്യയുടെ കല്യാണദിവസം കൂട്ടിലിട്ടു വളര്‍ത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാന്‍ വയ്യാതെ ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നും പറയുന്നു. 'എന്റെ കൂട്ടില്‍നിന്നും എന്‍റെ വളര്‍ത്തുകിളി പറന്നുപോയി...' എന്നു കൂട്ടുകാരോടും അടുപ്പമുള്ളവരോടും വിളിച്ചുപറയുകയും ചെയ്തുവത്രെ.  'പാപ്പീ അപ്പച്ചാ' കാവ്യക്കുവേണ്ടി മാത്രം ദിലീപ് നിര്‍മ്മിച്ച സിനിമയായിരുന്നുവത്രേ.


സ്വപ്നമെന്ന മട്ടില്‍ മറ്റൊരു സംഭവവും അവതരിപ്പിക്കുന്നു. 'ഒരാള്‍ക്ക് രണ്ടു ഭാര്യമാരായിക്കൂടേ? പ്രശസ്തരായ പലര്‍ക്കും അങ്ങനെ ഉണ്ടല്ലോ. ആ സ്വപ്നത്തിനൊടുവില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ ദിലീപും മഞ്ജുവും കാവ്യയുമായിരുന്നു. 'നോ...' അതൊരു അലര്‍ച്ചയായിരുന്നു... ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ ഇഷ്ടമില്ലാത്ത ഭാര്യയുടെ അലര്‍ച്ച. ആ ഭാര്യക്ക് മഞ്ജുവിന്റെ മുഖമായിരുന്നു.''


'അമ്മ'യുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വന്ന ഒരു നടി മഞ്ജു വാര്യരുടെ സുഹൃദ്സംഘത്തിലേക്ക് ഫോണ്‍ ചെയ്ത കഥയുമുണ്ട്. ഭാവനയുടെ അറിവോടെ നടിയുടെ മുറിയില്‍ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യര്‍ മറ്റൊരു മുറിയില്‍ ഇരുന്ന് എല്ലാം കേട്ടു. പക്ഷെ ഇതെല്ലാം കേട്ട മഞ്ജുവിന് കരയാന്‍ കണ്ണീരുണ്ടായില്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.


കേട്ടത് ശരിയാണോ എന്ന് ദിലീപിനോട് മഞ്ജു ചോദിച്ചുവത്രെ. 'രണ്ടുപേര്‍ക്കും ഒരുമിച്ച്‌ ജീവിച്ചാലെന്താ' എന്ന് ദിലീപ് ചോദിച്ചതായും പറയുന്നു. 'അതു നടക്കില്ല.... ദിലീപേട്ടന്‍റെ ഭാര്യയായി ഞാന്‍ മാത്രം.... ഞാന്‍ ജീവിച്ചിരിക്കെ മറ്റൊരു മോഹം നടക്കില്ല...' എന്നു മഞ്ജുവും പറഞ്ഞു. 'കാവ്യയെ ഉപേക്ഷിക്കാന്‍ പറ്റില്ല. അവളെന്‍റെ നല്ല സുഹൃത്താണ്. ഞാനവളെ കൈവിടില്ല.' എന്ന് ദിലീപ് പറഞ്ഞതായാണ് സിനിമാവൃത്തങ്ങളിലെ സംസാരമെന്നും ലേഖനത്തില്‍ വിവരിക്കുന്നു. ഇത്തരത്തില്‍ ഒരുമിച്ച്‌ മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് മഞ്ജുവാര്യരും ദിലീപും കേസ് കൊടുത്തതത്രെ.



പിരിയാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള മനസില്ലാത്ത മഞ്ജുവാര്യര്‍ ഇന്നല്ലെങ്കില്‍ നാളെ ദിലീപും മീനൂട്ടിയും താനും ഒരുമിച്ച്‌ ജീവിക്കുമെന്നാണ് വിശ്വാസിച്ചിരുന്നത്. അതുകൊണ്ടാണ് ജോഷി-മോഹന്‍ലാല്‍ സിനിമ വേണ്ടെന്നുവച്ചതത്രേ. സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ സിനിമാ ഷൂട്ടിങ് ആ വര്‍ഷം ഒക്ടോബറിലേക്കു മാറ്റിവച്ചതും ഇക്കാരണത്താലാണെന്ന് പറയുന്നു. ദിലീപ് തിരികെ വിളിച്ചാല്‍ എല്ലാ പ്രോജക്ടും വേണ്ടെന്നുവയ്ക്കുമായിരുന്നു. ദിലീപ്-കാവ്യ വിവാഹം നടന്നതോടെ മഞ്ജു ദിലീപിന്‍റെ ജീവിതത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി പുറത്തായിരിക്കുകയാണിപ്പോള്‍.


ഒരു സസ്പെന്‍സ് സിനിമ പോലെയാണ് സംഭവങ്ങള്‍. ഒടുവില്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞതുപോലെ തന്നോടൊപ്പം ഗോസിപ്പുകളില്‍ നിറഞ്ഞ കൂട്ടുകാരിയെ - കാവ്യയെ - ദിലീപ് ജീവിതസഖിയാക്കുമ്പോേള്‍ ഒരു സസ്പെന്‍സ് സിനിമയുടെ ക്ളൈമാക്സ് പോലെ ഗോസിപ്പുകള്‍ക്ക് താല്‍ക്കാലിക വിരാമമാകുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K