25 November, 2016 09:21:44 AM
ആദ്യാനുഭവം തുറന്നു പറയുന്ന കനിയുടെ ഷോര്‍ട്ട് ഫിലിം വൈറലാവുന്നു
കൊച്ചി: നടി കനി കുസൃതി എന്നും വ്യത്യസ്തയാണ്. അഭിനയത്തിന്റെ കാര്യമായാലും ജീവിതത്തിന്റെ കാര്യമായാലും സ്വന്തമായി കാഴ്ച്ചപാടുകളുളള കനി എന്തും തുറന്ന് പറയുന്ന കൂട്ടത്തിലാണ്. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചുളള കനിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്. 'മെമ്മറിസ് ഓഫ് മെഷിന്‍' എന്ന ഷോര്‍ട്ട് ഫിലിം പങ്കുവയ്ക്കുന്നത് തുറന്ന് പറച്ചലിലെ നന്മകളാണ്. ഷൈലജ പഡിന്‍ഡല സംവിധാനം ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിം ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
അതേസമയം, മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ പറയുന്നത് തന്‍റെ സ്വകാര്യ അനുഭവമല്ലെന്ന് നടിയും മോഡലുമായ കനി കുസൃതി വ്യക്തമാക്കി. "ഞാന്‍ ഒരു നടി മാത്രമാണെന്ന കാര്യം ആദ്യമേ പറയട്ടെ. ആ ഡോക്യുമെന്‍ററിയില്‍ പറഞ്ഞിരിക്കുന്നത് എന്റെ സ്വകാര്യ അനുഭവമല്ല. അതിലെ കഥാപാത്രം പങ്കുവെച്ച ലൈംഗികതയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തന്‍റെ കാഴ്ചപ്പാട്" കനി കുസൃതി പറയുന്നു.
ലൈംഗികാനുഭവം തുറന്ന് പറഞ്ഞ് കനി കുസൃതി എന്ന രീതിയിലായിരുന്നു വിവിധ മാധ്യമങ്ങള്‍ മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഡോക്യുമെന്‍ററിയെ കുറിച്ച് വാര്‍ത്ത നല്‍കിയത്. ഇതേക്കുറിച്ചായിരുന്നു ഫേസ്ബുക്കിലൂടെ കനിയുടെ പ്രതികരണം. ഷൈലജ പഡിന്‍ഡല ഇത്തരമൊരു കഥാപാത്രത്തെ എന്നില്‍ ഏല്‍പ്പിച്ചപ്പോള്‍ അതുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ചെയ്യുന്ന കാര്യം എന്നെ സ്വകാര്യമായി ബാധിക്കുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ല- കനി വിശദീകരിക്കുന്നു.