23 November, 2016 11:04:45 AM


ബാഹുബലി രണ്ടാം ഭാഗം ഒാൺലൈനിൽ; ഗ്രാഫിക് ഡിസൈനർ അറസ്റ്റില്‍



ഹൈദരാബാദ്: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം 'ബാഹുബലി 2 ദ കൺക്ലൂഷന്‍'ന്‍റെ ദൃശ്യങ്ങൾ ഒാൺലൈനിൽ. ഡിസൈൻ ജോലികൾക്കായി അന്നപൂർണ സ്റ്റുഡിയോക്ക് കൈമാറിയ അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. എഡിറ്റിങ് പൂർത്തിയാകാത്ത ദൃശ്യങ്ങൾ യുട്യൂബിൽ പ്രചരിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി നിർമാതാവ് ഷോബു യാലഗാഡ സൈബർ സെല്ലിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാഫിക് ഡിസൈനർ ട്രെയിനിയായ കൃഷ്ണ ദയാനന്ദ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.


വിഡിയോ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനർ യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. കൂടാതെ രണ്ടു സുഹൃത്തുകൾക്ക് ഇയാൾ വാട്ട്സ്ആപ്പ് വഴി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ഇയാൾ സ്റ്റുഡിയോയിൽ നിന്ന് പെൻഡ്രൈവിൽ ദൃശ്യങ്ങൾ പകർത്തിയത്. ചിത്രത്തിന്‍റെ ആരാധകൻ യുട്യൂബിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഷെയർ ചെയ്യരുതെന്ന് നിർമാതാവ് ഷോബു യാലഗാഡ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K