12 January, 2016 11:12:38 PM
പൂജാ മിശ്ര വീണ്ടും വിവാദത്തില്‍ ; ശല്യം സഹിക്കാതെ അയല്‍ക്കാര്‍

മുംബൈ : നടി പൂജാ മിശ്രയ്‌ക്കെതിരെ അയല്‍ക്കാര്‍ രംഗത്ത്. അടിക്കടി വിവാദമുണ്ടാക്കി വാര്‍ത്താപ്രാധാന്യം നേടാന്‍ ശ്രമിക്കുന്ന നടിയെ തങ്ങളുടെ അയല്‍വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് റസിഡന്‍റ്സ് അസോസിയേഷന്‍. മുംബൈയിലെ ലോകാന്ദവാലയിലെ വിന്‍സര്‍ ടവറിലുള്ള കുടുംബ ഫ് ളാറ്റിലാണ് പൂജയുടെ താമസം. നിരന്തരം ശല്യമുണ്ടാക്കുന്ന പൂജയെ അയല്‍വാസികള്‍ക്ക് സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് റസിഡന്‍സ് അസോസിയേഷന്‍ ഇടപെട്ടത്.
എന്നാല്‍ പൂജാ മിശ്ര സ്വാഭാവികമായും കുറ്റപ്പെടുത്തുന്നത് അയല്‍ക്കാരെയാണ്. ശല്യം ചെയ്യുന്നത് അയല്‍ക്കാരാണെന്നും തന്നെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നും പൂജ പറയുന്നു. തന്‍റെ കരിയര്‍ നശിപ്പിക്കാന്‍ അയല്‍ക്കാര്‍ കൂടോത്രം ചെയ്യന്നുവെന്നാണ് മുന്‍ ബിഗ് ബോസ് താരവും ഐറ്റം ഡാന്‍സറുമായ പൂജയുടെ മറ്റൊരു ആരോപണം. ഒരാളെ അവരുടെ വീട്ടില്‍ കയറരുതെന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്ന് കാട്ടി ചിലര്‍ രംഗത്തെത്തിയതോടെ പ്രശ്നം ഏറെ വിവാദമായി. ശല്യക്കാരിയെ മാറ്റി നിര്‍ത്താന്‍ റസിഡന്റ്‌സ് അസോസിയേഷന് അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മറുവിഭാഗം.
അതേസമയം പൊതുസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ പ്രത്യേക വിരുതുള്ളയാളാണ് പൂജ മിശ്രയെന്നാണ് ബോളിവുഡില്‍ പരക്കെയുള്ള സംസാരം. കുട്ടിയുടുപ്പിട്ട് ഒരു കടയിലെത്തി പൂജ നടത്തിയ വാഗ്വാദം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമിക്കവെ ഹോട്ടല്‍ ജീവനക്കാര്‍ തടയുന്നതും മാനേജരെ പൂജ അടിക്കുന്നതുമായ വീഡിയോ ഇതിനിടെ വൈറലായിരുന്നു.