13 November, 2016 12:17:12 AM


ചലച്ചിത്ര - സീരിയല്‍ നടി രേഖ മോഹന്‍ തൃശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍





തൃശൂര്‍ : ചലച്ചിത്ര- സീരിയല്‍ നടി രേഖ മോഹനെ (45) തൃശൂരിലെ ശോഭ സിറ്റി ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുദിവസമായി വിദേശത്തുള്ള ഭര്‍ത്താവിനെ രേഖ ടെലിഫോണില്‍ വിളിച്ചിട്ട്. ഫ്ളാറ്റിലേക്ക് വിളിച്ചിട്ടും മറുപടിയില്ലാതായതോടെയാണ് മലേഷ്യയിലായിരുന്ന ഭര്‍ത്താവ് മോഹന്‍ ഡ്രൈവറോട് ഫ്ളാറ്റില്‍ പോയി അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഫ്ളാറ്റിലെത്തി നിരന്തരം കോളിങ്ങ് ബെല്ലടിച്ചിട്ടും ഡോറില്‍ തട്ടിയിട്ടും വാതില്‍ തുറക്കാതായതോടെ പൊലീസില്‍ വിവരമറിയിച്ചു.



ഉച്ചയോടെ പൊലീസെത്തി ഫ്ളാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് കസേരയില്‍, ഡൈനിങ്ങ് ടേബിളിലേക്ക് തലചായ്ച്ച നിലയില്‍ രേഖയുടെ മൃതദേഹം കണ്ടത്. രണ്ടു ദിവസത്തെ പത്രം എടുത്തിട്ടില്ല. തിങ്കളാഴ്ച രാത്രിക്കു ശേഷമായിരിക്കും മരണമെന്നു പൊലീസ് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവര്‍ ഭക്ഷണം പുറത്തുനിന്നു വരുത്തിയിരുന്നു. ഇതു കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു ശേഷം ആരും ഇവരെ കണ്ടിട്ടില്ല. സൗഹൃദബന്ധവും കുറവായിരുന്നു. ഏറെ നാളായി ഈ ഫ്ളാറ്റില്‍ താമസിക്കുകയാണ്. സീരിയലുകളിലും സജീവമായിരുന്ന രേഖ ഇടക്കാലത്ത് സിനിമാ സീരിയല്‍ രംഗത്ത് നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. രേഖയുടെ മരണവാര്‍ത്തയില്‍ സിനിമാ-സീരിയല്‍ രംഗവും ദുഃഖം പങ്കുവച്ചു.



ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. സ്ത്രീജന്മം എന്ന ടിവി പരമ്പരയില്‍ മായമ്മയായി ജനപ്രീതി നേടി. നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ കൊടകര പിഷാരത്ത് കുടുംബാംഗമാണ്. മക്കളില്ല. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഭര്‍ത്താവ് മലേഷ്യയില്‍നിന്ന് എത്തിയ ശേഷം സംസ്കാരം തീരുമാനിക്കും. നഗരത്തിലെ പ്രധാനപ്പെട്ട ഫ്ളാറ്റ് സമുച്ചയത്തില്‍ ഒരു നടി മരിച്ചു കിടന്നിട്ടു പോലും ആരും അറിഞ്ഞില്ല എന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കുകയാണു പൊലീസ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.2K