10 November, 2016 01:16:01 AM
ചില്ലറയില്ല ; രണ്ട് മലയാളം സിനിമകളുടെ റിലീസ് മാറ്റിവെച്ചു
കോട്ടയം: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ പ്രത്യാഘാതം മലയാള സിനിമയിലും. രണ്ടു സിനിമകളുടെ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത ദിലീപ് നിര്‍മിച്ച കട്ടപ്പനയിലെ ഋതിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്നീ സിനിമകളുടെ റിലീസാണ് മാറ്റിയത്. 100 രൂപ നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ തിയറ്ററുകളിലേയ്ക്ക് ജനം എത്താതെ വരുമോയെന്ന ആശങ്കയിലാണ് റിലീസ് മാറ്റിയത്.
ടിക്കറ്റെടുത്താല്‍ ബാക്കി കൊടുക്കാന്‍ പണമില്ലാത്ത പ്രശ്നം പലയിടത്തുമുണ്ട്. പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് എന്നു കിട്ടുമെന്നു വ്യക്തമാകാത്ത സാഹചര്യത്തില്‍ പണം പിടിച്ചു ചെലവഴിയ്ക്കാന്‍ ജനം നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ട്. പണമൊഴുക്ക് സുഗമമായ ശേഷം മതി റിലീസെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായ ആദ്യ തമിഴ് ചിത്രം മീന്‍കുഴമ്ബും മണ്‍പാനിയും വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും.