24 September, 2026 04:45:06 PM


കോട്ടയത്ത് റോഡിന് കുറുകെ ആശുപത്രിയുടെ മേൽപാലം: സമൂഹമാധ്യമത്തില്‍ വന്‍തരംഗം



കോട്ടയം : കോട്ടയം നഗരമധ്യത്തിൽ എസ് എച്ച് മെഡിക്കൽ സെന്‍ററില്‍ ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മേൽപാലം നിർമ്മിച്ച നടപടി വിവാദത്തിൽ. വളരെയധികം വാഹനങ്ങള്‍ കടന്നുപോകുന്ന പൊതുവഴിയുടെ ഇരുവശത്തുമുള്ള ആശുപത്രിയുടെ കെട്ടിടങ്ങളെ ബന്ധിപ്പിക്കാൻ മേല്‍പാലം പണിതത് നിയമവിധേയമല്ലെന്നാണ് പ്രധാന ആരോപണം. സംഭവം വാര്‍ത്തയായതോടെ ആശുപത്രിയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും ആയിരകണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.

പൊതുവഴിയ്ക്കോ സ്വകാര്യവഴിക്കോ സമീപം സാധാരണക്കാരന്‍ താമസിക്കാനോ ഉപജീവനമാര്‍ഗത്തിനെ ഒരു കുടില്‍ കെട്ടിയാല്‍ പോലും ഉടനെ നിയമത്തിന്‍റെ വാളുമായി പൊളിച്ചുകളയാന്‍ രംഗത്തെത്തുന്ന അധികൃതര്‍ ഇവിടെ മൌനം പാലിക്കുന്നതും ചര്‍ച്ചയായി. പൊതുവഴിക്കു കുറുകെ പാലം നിര്‍മിക്കാന്‍ ഈ സ്വകാര്യസ്ഥാപനത്തിന് ആരാണ് അനുമതി നല്‍കിയതെന്നും ചോദ്യമുയരുന്നു. നിയമാനുസൃതം ഒരു തരത്തിലും അനുമതി ലഭിക്കാന്‍ പാടില്ലാത്ത ഈ നിര്‍മാണം നടന്നത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍ അഴിമതിയുടെ ഭാഗമാണെന്നും ആരോപണമുയരുന്നു.

റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള രണ്ട് കെട്ടിടങ്ങളെ ഒരു മേല്‍പാലം കൊണ്ട് ബന്ധിപ്പിക്കുക വഴി ബില്‍ഡിംഗ് ടാക്സില്‍ വന്‍വെട്ടിപ്പ് നടത്തിയിട്ടുണ്ടാകും എന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. അനധികൃതനിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതും മറ്റും നിരന്തരം വാർത്തകളാകുന്ന കാലത്ത് ഇത് എങ്ങനെ സാധ്യമായി എന്നതാണ് ആളുകൾക്കിടയിൽ ഉയരുന്ന മറ്റൊരു ചോദ്യം. പ്രമുഖ ആശുപത്രി ആയതിനാൽ പ്രമുഖമാധ്യമങ്ങൾ സംഭവം കണ്ടില്ലെന്നു നടിക്കുകയാണെന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, പാലം നിർമിച്ചത് നിയമാനുസൃതമാണെന്നും അഥവാ അല്ലെങ്കില്‍പോലും ആര്‍ക്കും ശല്യമില്ലല്ലോയെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആശുപത്രിയിൽ വരുന്ന രോഗികൾക്കുപകരിക്കുന്നതുകൂടാതെ, റോഡിലെ തിരക്ക് ഒഴിവാക്കാനും മേല്‍പാലം പ്രയോജനപ്പെടുമെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. ഏതായാലും വിവാദപാലം സമൂഹമാധ്യമത്തില്‍ വന്‍തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K