18 August, 2026 11:34:18 AM


മാതാപിതാക്കളെ നോക്കാത്ത മക്കളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ട്- സുപ്രീം കോടതി



ന്യൂഡൽഹി: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലുകൾക്ക് വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടാനുള്ള പൂർണ്ണ അധികാരമുണ്ടെന്ന് സുപ്രീം കോടതി. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഇത്തരം കർശന നടപടികൾ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. 

ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. വയോധികർക്ക് നൽകുന്ന ആദരവും സുരക്ഷിതത്വവുമാണ് ഒരു സംസ്‌കൃത സമൂഹത്തിന്റെ അളവുകോലെന്ന് കോടതി ഓർമ്മിപ്പിച്ചു. വാർദ്ധക്യം എന്നത് അവഗണനയുടെയോ അരക്ഷിതാവസ്ഥയുടെയോ ആത്മാഭിമാനക്ഷതത്തിന്റെയോ കാലഘട്ടമായി മാറരുത് എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് ഈ നിയമം കൊണ്ടുവന്നത്.

81-കാരിയായ അമ്മയെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് വൃദ്ധസദനത്തിലാക്കുകയും, ക്രൂരമായി പെരുമാറുകയും ചെയ്ത മകനെ വീടൊഴിപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാൽ, മുതിർന്ന പൗരന്മാരുടെ ക്ഷേമനിയമപ്രകാരം വസ്‌തുവിൽ നിന്ന് ഒഴിപ്പിക്കാൻ അതോറിറ്റികൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഭരണഘടനയുടെ 21, 41 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും അന്തസ്സും വയോധികർക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ട്രൈബ്യൂണലുകൾക്ക് ഒഴിപ്പിക്കൽ ഉത്തരവ് നൽകാനുള്ള നിയമപരമായ അധികാരമുണ്ടെന്ന് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937