07 November, 2016 07:44:02 PM
'പുലിമുരുകൻ' 100 കോടി ക്ലബിൽ ; നേട്ടം ഒരു മാസത്തിനുള്ളില്‍
കൊച്ചി : വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'പുലിമുരുകൻ' 100 കോടി ക്ലബിൽ. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ചരിത്ര നേട്ടം കൈവരിച്ചത്. 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകൻ. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം 65 കോടി നേടിയ ചിത്രത്തിന് യു.എ.ഇ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിൽ മികച്ച പ്രതികരണമാണ്.
ഏറ്റവും വേഗത്തിൽ 50 കോടി രൂപ സ്വന്തമാക്കിയ ചിത്രമെന്ന ബഹുമതിയും പുലിമുരുകൻ നേടി. 25 ദിവസം കൊണ്ടാണ് 56.68 കോടി രൂപ കളക്ഷൻ നേടിയ ചിത്രം മോഹന്‍ലാലിന്‍റെ തന്നെ ഒപ്പത്തിന്‍റെ റെക്കോഡാണ് അന്ന് തകര്‍ത്തത്. പുലിമുരുകന്‍റെ വിജയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച നടൻ മോഹൻലാൽ, പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.
റെക്കോഡ് നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ വൈശാഖും നിർമാതാവ് ടോമിച്ചൻ മുളകുപാടവും മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ നേട്ടം. എല്ലാവരോടും നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു. മുമ്പ് മലയാള സംവിധായകൻ സിദ്ധീഖിന്‍റെ ബോളിവുഡ് ചിത്രം 'ബോഡി ഗാർഡ്' 100 കോടി ക്ലബിൽ എത്തിയിരുന്നു. സൽമാൻ ഖാനും കരീന കപൂറും ആയിരുന്നു ബോഡി ഗാർഡിലെ നായികയും നായകനും.