07 November, 2016 07:24:08 PM
ഷൂട്ടിങിനിടെ ഹെലിക്കോപ്ടറിൽ നിന്ന് വീണ് രണ്ട് കന്നഡ താരങ്ങൾ മുങ്ങിമരിച്ചു
ബംഗളൂരു: മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്ടറിൽ നിന്ന് വീണ് രണ്ട് സിനിമാ താരങ്ങൾ മരിച്ചു. പ്രമുഖ കന്നഡ താരങ്ങളായ ഉദയ്, അനിൽ എന്നിവരാണ് കർണാടകയിലെ രാമനഗരയിൽ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെ ഹെലിക്കോപ്റ്ററിൽ നിന്ന് 'തിപ്പനഗോണ്ട' തടാകത്തിലേക്ക് ചാടുമ്പോഴാണ് അപകടം.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദുരന്തമുണ്ടായത്. ബംഗളൂരുവിനു 35 കിലോമീറ്റർ പടിഞ്ഞാറ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് സംഭവം. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഉദയ്, അനിൽ എന്നിവർ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാൽ തടാകത്തിലേക്ക് ചാടിയ മൂന്നുപേരിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു.
നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. കാണാതായ ഉദയ്, അനിൽ എന്നിവർക്ക് വേണ്ടി ഫയർഫോഴ്സും പോലീസും തെരച്ചിൽ തുടരുകയാണ്. സുരക്ഷാ മുൻകരുതലുകൾ ഒന്നും സ്വീകരിക്കാതെയാണ് ഷൂട്ടിംഗ് നടന്നതെന്നാണ് പ്രാഥമിക വിവരം. ദുനിയ വിജയിക്കു മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. ഷോട്ടിനു മുമ്പ് റിഹേഴ്സലും എടുത്തിരുന്നില്ല. കാണാതായ രണ്ടു പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.