20 November, 2026 09:47:22 AM


പത്മജക്ക് പിന്നാലെ പത്മിനി തോമസും ബി.ജെ.പി വിടുന്നു



തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം. ഇന്നലെ പത്മജ വേണുഗോപാല്‍ ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് തന്നില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഏന്തെങ്കിലും പ്രതീക്ഷിച്ചായിരുന്നില്ല ബിജെപിയിലേക്ക് പോയത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയസാധ്യത ഇല്ലാഞ്ഞിട്ടുപോലും പാളയത്ത് മത്സരിച്ചു. അവിടെ ബിജെപിക്ക് കിട്ടുന്നതിനേക്കാള്‍ വോട്ട് നേടാന്‍ എനിക്ക് കഴിഞ്ഞു. എന്റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് താനും തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം എന്നെ ഒരുപാട് സഹായിച്ചയാളാണ്. അന്ന് കെപിസിസി പ്രസിഡന്റുമായുള്ള ചെറിയ തര്‍ക്കമാണ് ബിജെപിയിലേക്ക് പോകാന്‍ ഇടയാക്കിയതെന്നും പത്മിനി തോമസ് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് എന്തെങ്കിലും മോഹിച്ചല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരും. സ്‌പോര്‍ട്‌സിനായി നല്ല കാര്യങ്ങള്‍ ചെയ്യാനാവുന്നത് ചെയ്യുമെന്ന് പത്മിനി പറഞ്ഞു.

കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പത്മിനി തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും 4 ഃ 400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി. എന്‍ഐഎസ് ഡിപ്ലോമ നേടി റെയില്‍വേ ടീമിന്റെ പരിശീലകക്കുപ്പായത്തിലും പത്മിനി തിളങ്ങി. അര്‍ജുന അവാര്‍ഡും ജി.വി.രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ 2015ല്‍ ദേശീയ ഗെയിംസ് കേരളത്തില്‍ സംഘടിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945