21 November, 2026 09:17:22 PM


നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകരുമായി എത്തിയ ഡ്രൈവറെ മര്‍ദിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍



ശബരിമല: ശബരിമല തീര്‍ഥാടകരുമായി എത്തിയ സ്വകാര്യ ട്രാവലര്‍ ഡ്രൈവറെ നിലയ്ക്കലില്‍വച്ച് മര്‍ദിച്ച സംഭവത്തില്‍ എഎസ്ഐ ജിജോയ്ക്ക് സസ്പെന്‍ഷന്‍. ശബരിമല കോ. ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി പി വിജയനാണ് ജിജോയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ച എറണാകുളം സ്വദേശി ജിജോയാണ് ഡ്രൈവറുടെ മുഖത്ത് അടിച്ചത്.പറവൂര്‍ സ്വദേശി പ്രശാന്തിനാണ് മര്‍ദ്ദനമേറ്റത്. 

പ്രശാന്തിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീര്‍ത്ഥാടകരെ ഇറക്കുന്നതിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്‍ അസഭ്യം പറയുകയും പല പ്രാവശ്യം കൈയേറ്റം ചെയ്തതായുമാണ് പ്രശാന്തിന്റെ പരാതി. 

മര്‍ദ്ദനമേറ്റ പ്രശാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കൈയേറ്റ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് നിലയ്ക്കല്‍ സ്പെഷ്യല്‍ ഓഫീസര്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ എഡിജിപി പി വിജയന്‍ ഉത്തരവിടുകയായിരുന്നു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296