26 November, 2026 07:35:34 PM


'ചോരയ്ക്ക് പകരം ചോദിക്കും'; വി ഡി സതീശന്റെ പ്രസം​ഗത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ



തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കണ്ണൂരിലെ പൊതുപരിപാടിയിൽ യൂത്ത് കോൺ​ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ പ്രസം​ഗിച്ചത്.

പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനനെതിരെ കേസെടുക്കാനുള്ള നീക്കത്തിനിടെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു.

നവംബർ 20ന് കണ്ണൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിച്ചുകൊണ്ട്, തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമാണ് വിഡി സതീശൻ പറഞ്ഞത്. 'ഈ സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്ത, മർദ്ദനം ഏറ്റു വാങ്ങിയ, ചോരപ്പുഴകൾ താണ്ടി വന്ന യൂത്ത് കോൺ​ഗ്രസിലെ കൊച്ചനുജന്മാരോടും അനിയത്തിമാരോടും പറയുന്നു, നിങ്ങളെ സർക്കാർ സങ്കടപ്പെടുത്തില്ല, നിങ്ങളുടെ ചോരയിൽ നിന്നു കൂടി പിറന്നതാണ് ഈ സർക്കാർ'. വി ഡി സതീശൻ പ്രസം​ഗത്തിൽ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296