06 June, 2026 11:10:35 AM


'കുട്ടിയെ മർദിച്ചത് അമ്മയുടെ മൗനസമ്മതത്തോടെ'; അഷ്കറിന്‍റെ മൊഴി പുറത്ത്



തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ കൊലപാതകത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പലപ്രാവശ്യങ്ങളിലായി കുട്ടിയെ മർദിച്ചിരുന്നതായി രണ്ടാനച്ഛൻ അഷ്കർ പൊലീസിനോട് പറഞ്ഞു. ലൈറ്റർ കൊണ്ട് കാലിനടിയിൽ പൊള്ളിച്ചുവെന്നും മൊഴിയിലുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അഷ്കറിൻ്റെ ആക്രമണത്തിന് അമ്മ അഖിലയുടെ മൗനസമ്മതവും ഉണ്ടായിരുന്നു. കൈയിലെ പരിക്ക് സൈക്കിളിൽ നിന്നും വീണുണ്ടായതാണ്. കയ്യൊടിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പനി ബാധിച്ച കുട്ടിയുമായി ഇരുവരും തമിഴ്നാട്ടിലേക്ക് യാത്ര നടത്തി. ഇതോടെയാണ് കുട്ടിയുടെ രോഗാവസ്ഥ മൂർച്ഛിച്ചത്. ആദ്യം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എസ്ഐടി ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് കുട്ടിയുടെ മരണം സംഭവിക്കുന്നതെന്നും ഇരുവരും മൊഴി നൽകി.

അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന്‍ നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933