05 November, 2016 01:01:13 PM
രാഖി മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചത് അശ്ലീല താത്പര്യത്തോടെ;പൊലീസ്കേസെടുത്തു
ജയ്പൂര്‍ : വിവാദങ്ങളുടെ തമ്ബുരാട്ടിയാണ് ബോളിവുഡ് താരം രാഖി സാവന്ത്. തൊടുന്നതെന്തും വിവാദമാക്കിയ ചരിത്രമാണ് രാഖിക്കുള്ളത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള വസ്ത്രം ധരിച്ച് രാഖി വിവാദത്തിലായിരുന്നു. ഇപ്പോഴിതാ നരേന്ദ്രമോദി തന്നെ രാഖിക്ക് പണി കൊടുത്തിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള വസ്ത്രം ധരിച്ചതിന് രാഖിക്കെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ രാജ് സാമന്ത് സ്വദേശിയായ അഭിഭാഷകന്‍റെ പരാതിയിലാണ് കേസ്. വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. രാഖി മോദിയെ അപമാനിച്ചുവെന്നും മോദിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചത് അശ്ലീല താത്പര്യത്തോടെയാണെന്നുമാണ് പരാതി.
ഓഗസ്റ്റില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മോദിയുടെ ചിത്രങ്ങള്‍ പതിച്ച കറുത്ത കുട്ടിയുടുപ്പിട്ട് രാഖി എത്തിയത്. രാജ്യസ്നേഹം കാണിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് താന്‍ മേദിയുടെ ചിത്രങ്ങള്‍ പതിച്ച വസ്ത്രം ധരിക്കുന്നതെന്നായിരുന്നു രാഖി പറഞ്ഞത്. വസ്ത്രം ധരിച്ച ഫോട്ടോ രാഖി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ സംഭവം വിവാദമായി.
മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച കുട്ടിയുടിപ്പിട്ട രാഖിയുടെ പ്രവൃത്തി അശ്ലീല താത്പര്യത്തോടെയാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പ്രധാനമന്ത്രിയെ രാഖി അപമാനിച്ചതായും പരാതിയിലുണ്ട്. അഭിഭാഷകനായ പ്രജീത് തിവാരിയാണ് വെള്ളിയാഴ്ച പരാതി നല്‍കിയത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് രാഖിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിവാദങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാന്‍ രാഖി ശ്രമിച്ചിരുന്നു. പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയ താരം ക്വാണ്ടീല്‍ ബലൂചിന്‍റെ മരണവുമായി ബന്ധപ്പെട്ട് രാഖി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചില കാര്യങ്ങള്‍ പഠിക്കണമെന്നാണ് രാഖി പറഞ്ഞത്. താനൊരു മോദി ഭക്തയാണെന്ന് രാഖി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും രാഖി മോദിയോടുള്ള ആരാധന പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മോദിയുടെ ചിത്രങ്ങള്‍ പതിച്ച വസ്ത്രം ധരിച്ചു നില്‍ക്കുന്ന രാഖിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ മുതല്‍ പലരും രാഖിക്കെതിരെ രംഗത്തെത്തിയുരുന്നു. മോദിയുടെ ചിത്രമുള്ള രാഖിയുടെ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു. മോദിയുലൂടെ രാഖി പ്രശസ്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പലരുടെയും വിമര്‍ശനം. മോദിയെ അപമാനിക്കാനാണ് രാഖി ശ്രമിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഖിയുടെ പ്രവൃത്തി മാപ്പര്‍ഹിക്കുന്നതല്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്.