03 June, 2026 05:37:17 PM
കുവൈറ്റ് വിമാനത്താവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്.
മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുമായി എംബസി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും, കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി അടുത്ത് സഹകരിച്ചുവരികയാണെന്നും എംബസി അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ കെട്ടിടമായ ടെർമിനൽ ഒന്നിനു നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിലവിലെ സാഹചര്യങ്ങൾ സായുധസേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിനു നേരെ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുവൈറ്റിനു നേരെ ആക്രമണമുണ്ടായത്.






