03 June, 2026 09:57:03 AM


കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം



കുവൈറ്റ്: പേർഷ്യൻ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി വിതച്ച് അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ മിസൈലാക്രമണം. കുവൈറ്റിലെ അൽ സാലം എയർ ബേസ്, ബഹ്‌റൈനിലെ ഈസ എയർ ബേസ് എന്നിവ ലക്ഷ്യമാക്കിയാണ് ചൊവ്വാഴ്ച രാത്രി ഇറാൻ മിസൈലുകൾ വർഷിച്ചത്. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ക്യൂഷം ദ്വീപിന് സമീപവും അമേരിക്ക നടത്തുന്ന ശത്രുതാപരമായ നടപടികൾക്ക് തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.

മിസൈലുകളെ പ്രതിരോധിക്കാൻ കുവൈറ്റിലും ബഹ്റൈനിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതോടെ ശക്തമായ സ്ഫോടന ശബ്ദങ്ങളാണ് കേട്ടത്. അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തേക്ക് കുതിച്ചുയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ക്യൂഷം ദ്വീപിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണ് ഇതെന്നും യുഎസ് താവളങ്ങൾക്ക് നേരെ തങ്ങൾ കൃത്യമായ ലക്ഷ്യത്തോടെ മിസൈലുകൾ അയച്ചതായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948