01 June, 2026 06:17:32 PM


വാകത്താനത്ത് കടയുടമയായ സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിൽ പ്രതി അറസ്റ്റിൽ



വാകത്താനം: വെട്ടിക്കലുങ്ക് പ്രദേശത്ത് നടന്ന മാലപറിക്കൽ കേസിലെ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണ പ്രവർത്തനങ്ങൾ. കഴിഞ്ഞ മെയ് 25-ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല നീല സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ ഒരാൾ പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

കഴിഞ്ഞ 20 വർഷമായി ലീലാമ്മയും (59)ഭർത്താവ് രാജുവും (62) വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തി വരികയാണ് കപ്പയാണ് പ്രധാന വില്പന വസ്തു, കൂടാതെ ചായയും മിഠായിയും മുറുക്കാനും മറ്റും കച്ചവടം നടത്തി ഉപജീവനം നടത്തുന്ന നിർധന കുടുംബത്തിൽപ്പെട്ട ലീലാമ്മയ്ക്ക് വർഷങ്ങൾക്കു മുൻപ് മകന്റെ ഭാര്യ വാങ്ങി കൊടുത്തതാണ് രണ്ടര പവനോളം തൂക്കം വരുന്ന മാല.

ലീലാമ്മയുടെയും ഭർത്താവിന്റെയും ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം ആയിരുന്നു നഷ്ടപ്പെട്ട സ്വർണ്ണമാല. സംഭവത്തെ തുടർന്ന് വാകത്താനം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇൻസ്പെക്ടർ എസ് എച്ച് ഒ ജിൻസൺ ഡൊമിനിക്കിന്റെ നിർദേശപ്രകാരം സി പി ഒ ജോജി സെബാസ്റ്റ്യൻ, സി പി ഒ അനീഷ് ചന്ദ്രൻ വി.സി. എന്നിവർക്ക് അന്വേഷണ ചുമതല നൽകി. ഇവർ വാകത്താനം, ചിങ്ങവനം, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലെ സ്ഥാപനങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.

ഏകദേശം 55 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. മെയ് 31-ന് വൈകുന്നേരത്തോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്കൂട്ടർ പാർക്ക് ചെയ്ത് ഹെൽമറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽ നിന്ന് സംശയിക്കുന്ന ആളെ തിരിച്ചറിയാൻ സാധിച്ചു. തുടർന്ന് ഇയാളോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും വിജയകരമായി.

ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തിൽ സ്ത്രീയെ പാമ്പൂരംപാറ സ്വദേശിനിയും പുതുപ്പള്ളി പെട്രോൾ പമ്പ് ജീവനക്കാരിയുമായ ധന്യയാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന വിഷ്ണു അനിൽകുമാറിലേക്കുള്ള നിർണായക വിവരം ലഭിച്ചത്.

തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വിഷ്ണു അനിൽകുമാർ, ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടർ മോഷണക്കേസിലും പ്രതിയാണെന്ന് സമ്മതിച്ചു. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്കൂട്ടർ മോഷണക്കേസുകൾ നിലവിലുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇടവേളയില്ലാതെ നടത്തിയ അന്വേഷണവും 55 ഓളം സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയും മൂലമാണ് കുറഞ്ഞ സമയത്തിനുള്ളിൽ പ്രതികളിലേക്ക് എത്താൻ സഹായകമായത്.

തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അവർകളുടെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി അഷദ് എസ്സ് ന്റെ നേതൃത്വത്തിൽ വാകത്താനം പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ജിൻസൺ ഡൊമിനിക്ക്, സബ് ഇൻസ്പെക്ടർ രാജേഷ് എൻ, എ.എസ്.ഐ മാരായ ബിന്ദു റാണി, സിജോ ചാണ്ടപ്പിള്ള, ശിവപ്രസാദ് എ, അനീഷ് കെ.സി, അനൂപ് ആർ, തോമസ് സ്റ്റാൻലി, എസ്.സി.പി.ഓ മാരായ ഷൈജു ജോസഫ്, ചിക്കു റ്റി രാജു, സി.പി.ഓ മാരായ അനീഷ് ചന്ദ്രൻ, ജോജി സെബാസ്റ്റ്യൻ, ഷനൂപ് എസ്, ശ്യാം കുമാർ, പ്രീതിഷ് പ്രസാദ്, നിയാസ് എം.എ, ഡ്രൈവർ സി.പി.ഓ സുബിൻ സജി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939