27 May, 2026 11:34:48 AM


ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ വിധിച്ച് സിംഗപ്പുർ കോടതി



സിംഗപ്പുർ: ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറ് മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് ശിക്ഷ വിധിച്ചത്. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി. ഖത്തര്‍ ഹോള്‍ഡിങ് നല്കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്.

അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂര്‍ ഡോളര്‍) കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. സ്വന്തം ആസ്തികള്‍ സംബന്ധിച്ച് 2024 ഏപ്രില്‍ മുതല്‍ കോടതി പുറപ്പെടുവിച്ച ഒട്ടേറെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബൈജു ഇതുവരെ തയാറായില്ലെന്നാണ് വിധിയില്‍ പറയുന്നത്.  കൂടാതെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയിലെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K