27 May, 2026 09:19:10 AM
മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്‍റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം.






