11 May, 2026 03:02:02 PM
ചിക്കൻ കറി വസ്ത്രത്തിൽ വീണു; കല്യാണ വീട്ടില്‍ സംഘർഷം, ഒരാള്‍ കൊല്ലപ്പെട്ടു

ഗൊരഖ്പൂര്‍: വസ്ത്രത്തില്‍ ചിക്കന്‍ കറി വീണതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ കല്യാണ വീട്ടിലായിരുന്നു സംഭവം. ആറുപേര്‍ക്ക് പരിക്കേറ്റു. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാറാ(26)ണ് മരിച്ചത്. വിവാഹ ഘോഷയാത്രയ്ക്കിടെ അതിഥിയായെത്തിയ ഒരാളുടെ ദേഹത്താണ് ചിക്കന്‍ കറി വീണത്. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു.
ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിച്ചിയ പ്രദേശത്തെ ഒരു വിവാഹ മണ്ഡപത്തില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് നോര്‍ത്ത് എസ്പി ഗ്യാനേന്ദ്ര കുമാര്‍ പറഞ്ഞു.വരന്റെ ഘോഷയാത്രയിലെ അംഗങ്ങളും നാട്ടുകാരും ബെൽറ്റുകൾ, വടികൾ, ഇഷ്ടികകൾ എന്നിവ ഉപയോഗിച്ച് ഏറ്റുമുട്ടിയതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.





