04 May, 2026 06:40:31 PM


രാക്ഷസവാഴ്ചയ്ക്ക് അറുതി ടിപി യുടെ ഓർമ്മദിനത്തിൽ: ശക്തിധരൻ്റെ കുറിപ്പ് വൈറലാകുന്നു



തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ പിണറായി വിജയനും ഇടതുമുന്നണിക്കും ഏറ്റ കനത്ത ആഘാതം നാട് മുഴുവൻ ആഘോഷിക്കുന്നതിനിടെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ടി.പി യുടെ ഓർമദിനത്തിൽ തന്നെ ഈ ഒരു തിരിച്ചടി പിണറായിക്കും പാർട്ടിക്കും ലഭിച്ചത് ഭൂമിയെ കോൾമയിർകൊള്ളിക്കാൻ പ്രകൃതി അണിയിച്ചൊരുക്കി തന്നതാണ് എന്ന് ശക്തിധരൻ പറയുന്നു. പിണറായിയും ഭാര്യയും ബാഗുമായി ഏറെ സങ്കടത്തോടെ സെക്രട്ടറിയേറ്റിൻ്റെ പടിയിറങ്ങുന്ന എ ഐ നിർമ്മിത ചിത്രം സഹിതമുള്ള ഇദ്ദേഹത്തിൻ്റെ കുറിപ്പ് ചുവടെ.

"രാക്ഷസവാഴ്ചയ്ക്ക് അറുതി:
ടിപി യുടെ ഓർമ്മദിനത്തിൽ
 
കേരളത്തിലെ 10 വർഷത്തെ രാക്ഷസവാഴ്ചയ്ക്ക് ജനാധിപത്യത്തിന്റെ ഉൽക്കരുത്തുകൊണ്ടു  അറുതിവരുത്തുന്ന ഈ  സുദിനത്തിൽ തന്നെ ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനവും! ഇത് കാലത്തിന്റെ കാവ്യനീതിയല്ലെ! ഇവരണ്ടും  ഭൂമിയെ കോൾമയിർകൊള്ളിക്കാൻ ഒരേ ദിവസം പ്രകൃതി അണിയിച്ചൊരുക്കി തന്നതിൽ ആരോടാണ് നാം നന്ദി പറയേണ്ടത്? 

      ടിപി യുടെ ജീവൻ അതി പൈശാചികമായി വെട്ടിമുറിച്ച് കഷണം കഷണമാക്കി തെരുവിലെറിയാൻ മാത്രമല്ല ആ മുഖം കാഴ്ചക്കുറവുള്ള  പെറ്റമ്മ എത്ര അവധാനതയോടെ മുഖത്ത് തലോടിയാലും കൂട്ടിച്ചേർക്കപ്പെടരുതെന്ന് വാടക ഗൂണ്ടകളോട് കൽപ്പിച്ച  നൃശംസന് ഭരണസിരാകേന്ദ്രത്തിന്റെ തിരുമുറ്റത്തു വന്നുനിന്നു രണ്ട് ദിവസം മുമ്പ്,  കണ്ണീർ പൊഴിക്കേണ്ടി വന്നത് എന്ത് ദിവ്യശക്തികൊണ്ടെന്ന് ആരെങ്കിലും ഇനിയെങ്കിലും ചിന്തിക്കുമോ?

    പ്രകൃതിയിൽ എന്തൊക്കെയോ നിഗൂഡതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ.കെ കെ രമയെ നിയമസഭയുടെ ശ്രീകോവിലിനുള്ളിലിട്ട് ഭേദ്യം ചെയ്തപ്പോൾ അത് തടയാനോ അരുതെന്ന് പറയാനോ രമയെ ആശുപത്രി കിടക്കയിലെത്തിച്ചു  മനുഷ്യസഹജമായ ആശ്വാസവാക്കുകൾ ഉരുവിടാനോ കൂട്ടാക്കാതെ ഒരു ഹിംസ്ര ജന്തുവിനെപ്പോലെ മാറിനിന്ന ഒരു മുഖ്യമന്ത്രിയാണ് 10 വർഷം വലംകയ്യായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂർണ്ണ പിൻബലത്തോടെ      അർമാദിച്ചു ഭരിച്ചത്. മോദി ഇല്ലാതിരുന്നെങ്കിൽ  എത്രവട്ടം കാരാഗൃഹത്തിൽ കിടക്കേണ്ടിവരുമായിരുന്നു? അതിന്റെ അഹന്തയിലാണ് സഭയിൽ  അടികൊണ്ടു വീണ രമയുടെ മുഖത്തു നോക്കി ആസ്ഥാന വിധവേ എന്ന് എംഎം മണി വിളിച്ചത്. മാധ്യങ്ങൾ എത്ര മൃദു സമീപനമാണ് ഭരണപക്ഷത്തെ വെള്ളപ്പൂശാൻ ഈ കാലയളവ് മുഴുവൻ എടുത്തതെന്നു ആലോചിക്കണം. അതേക്കുറിച്ച് കൂടുതൽ ഒന്നും ഇവിടെ എഴുതുന്നില്ല. 

      എനിക്കും ഏറെ പ്രിയപ്പെട്ടവനാണ് സഖാവ് പിണറായി വിജയൻ. നിയമസഭയിലോ പുറത്തോ പിണറായി വിജയൻ എവിടെയെങ്കിലും തൊഴിലാളിവർഗത്തെ വഞ്ചിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ ചെയ്യാത്ത കുറ്റം ചാർത്തി മലയാള മനോരമ നാല് വ്യാജ രേഖാ നിർമ്മാണകേസുകൾ   എനിക്കും പിണറായി വിജയനും മറ്റും എതിരെ കോടതിയിൽ കൊടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചിട്ടും ഞാനും പ്രതിക്കൂട്ടിൽ കയറി നിലക്കേണ്ടിവന്നത് എന്റെ പാർട്ടി ഉത്തരവാദിത്വം കൊണ്ടാണ്. ആ കേസ്സ് മനോരമ ആവശ്യപ്പെട്ട പ്രതിഫലം കൊടുത്തു ഒതുക്കിയിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ  സത്യപ്രതിജ്ഞ ഒരു മരീചികയാകുമായിരുന്നു.സത്യത്തിന്റെ കണികപോലും ഇല്ലാത്ത ആരോപണങ്ങൾ ആണ് മനോരമയെ കുറിച്ച് ദേശാഭിമാനി എഴുതിയത്. കെ എം മാത്യുവിന് ആ കേസ് മുന്നോട്ട് കൊണ്ടുപോകണം എന്ന പിടിവാശിയായിരുന്നു. പ്രായാധിക്യം കൊണ്ട് അവശനായിരുന്നിട്ടും കെ എം മാത്യു ഒരു തവണപോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. അവസാനം കേസ് മനോരമ വിലപേശി ഒതുക്കി.മനോരമയ്ക്ക്  ഞാൻ ചതുർഥി ആയ പത്രപ്രവർത്തകൻ ആയത്  കൊണ്ടുമാത്രമായിരുന്നു എന്നെ പ്രതിയാക്കിയത്. 

പറഞ്ഞുവന്നത് പിണറായി വിജയനോടുള്ള കടപ്പാടുമായി താരതമ്യം ചെയ്യുമ്പോൾ ടിപി അന്ന് എനിക്കാരുമല്ല.എനിക്ക് ടിപി രൂപം കൊടുത്ത വിപ്ലവ പ്രസ്ഥാനവുമായും അടുപ്പമോ അകൽച്ചയോയില്ല. പക്ഷെ മാർക്സിസ്റ്റ്  ലെനിനിസ്റ്റ് ആശയങ്ങളോടുള്ള കൂറിൽ മാത്രമല്ല 'സത്യമേവജയതേ' എന്ന തത്ത്വം മുറുകെപ്പിടിച്ചിരുന്ന ലക്ഷമണമൊത്ത  സഖാവായിരുന്നു ടിപി. അണുവിട അതിൽ വിട്ടു വീഴ്ചയ്ക്ക് ടിപി തയ്യാറായിരുന്നില്ല. ടിപി അൽപ്പം ചാഞ്ചാടിയിരുണെങ്കിൽ ജീവൻ വിലയായി കൊടുക്കേണ്ടിവരില്ലായിരുന്നു. ആ നിശ്ചയദാർഡ്യമാണ് ടിപിയുടെ ചങ്ക്. 

         ടിപി നമ്മോട് ഒപ്പമില്ലെങ്കിലും എല്ലാം ഏതോ പ്രകൃതി ശക്തികൾ അതെല്ലാം എത്തേണ്ടിടത്ത് എത്തിക്കുന്നുണ്ട്. ഇനി വേണ്ടത് കെ കെ രമ നിയമസഭയിൽ ഒരുപടവ് കൂടി കടന്ന് കാരണഭൂതനെന്ന് അവകാശപ്പെടുന്ന പാഴിന്റെ മുന്നിലൂടെ സലൂറ്റ് വാങ്ങി നീങ്ങുന്ന ചിത്രം കാണാൻ ജനം കാത്തിരിക്കുന്നുണ്ടാകും.അത് നിറവേറ്റപ്പെടണം. അത് വൈകികൂടാ. അത് രാഹുൽജിയുടെ കൂടെ സംഭാവനയാണ്. ഇന്ത്യ മുഴുവൻ  അതൊരു വിളംബരമായി മുഴങ്ങണം. വരട്ട് തത്വവാദങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. നമ്മുടെ മുന്നിൽ ഒരു നൃശംസൻ ജയിക്കാൻ പാടില്ല."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K