21 April, 2026 04:42:26 PM


ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചു: നന്ദഗോവിന്ദം ഭജൻസിനെതിരെ രൂക്ഷവിമർശനം; ഒപ്പം അഭിനന്ദന പ്രവാഹവും



കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ 'നന്ദഗോവിന്ദം ഭജന്‍സി'നെതിരെ വിമര്‍ശനം.

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഘം ക്രിസ്തീയ ഗാനം ആലപിച്ചത്. ഇതിനെതിരെ ഹൃദയവിദ്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി രംഗത്തെത്തിയതോടെയാണ് വിഷയം വലിയ ചര്‍ച്ചയായി മാറിയത്.

ക്ഷേത്രവേദികളെ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കാന്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഫെയ്സ്ബുക്കില്‍ എഴുതി.

നന്ദഗോവിന്ദം ഭജന്‍സിനെ 'നന്ദകുന്തിരിക്കം ഭജന്‍സ്' എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം 'ഹാലേലൂയ്യ' പാടുന്നത് വലിയ തെറ്റാണെന്നും 'ക്ഷേത്രവേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത്' എന്നും ഇദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 

മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ. യേശുദാസ് ആലപിച്ച 'ഈ പരദേവനഹോ' എന്ന ഹിറ്റ് ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്.

'ക്ഷേത്രവും സമീപത്തെ ക്രിസ്തീയ പള്ളിയും തമ്മിലുള്ള ദൃഢമായ ബന്ധം എടുത്തുപറഞ്ഞ ശേഷമാണ് നന്ദഗോവിന്ദം ഭജന്‍സ് അംഗങ്ങള്‍ ഗാനം ആരംഭിച്ചത്.

ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയില്‍ വിളക്ക് തെളിയിക്കാറുണ്ടെന്നും, ഉത്സവത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പള്ളി സൗകര്യം ഒരുക്കാറുണ്ടെന്നും സംഘം വേദിയില്‍ ഓര്‍മ്മിപ്പിച്ചു. ഈ മതസൗഹാര്‍ദത്തിന്റെ പ്രതീകമായാണ് പള്ളിയോട് ചേര്‍ന്നുള്ള വേദിയില്‍ തങ്ങള്‍ ഈ ഗാനം ആലപിക്കുന്നതെന്ന് ഭജനസംഘം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി വലിയൊരു വിഭാഗംരംഗത്തെത്തിയിട്ടുണ്ട്. 
മതസൗഹാര്‍ദത്തിന്റെ ഉദാത്തമായ മാതൃകയാണ് നന്ദഗോവിന്ദം ഭജന്‍സിന്റേതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഭക്തിക്ക് അതിര്‍വരമ്പുകളില്ലെന്നും, കലയിലൂടെ മനുഷ്യരെ ഒന്നിപ്പിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2000-ല്‍ കോട്ടയം നട്ടാശേരി വേമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു ചെറിയ ഭജന സംഘമായാണ് നന്ദഗോവിന്ദം ഭജന്‍സിന്റെ തുടക്കം. കാഴ്ചശക്തി നഷ്ടപ്പെട്ട ഇളങ്ങൂര്‍ രാജേന്ദ്രപ്പണിക്കര്‍ക്ക് ആശ്വാസമേകാനായി രൂപംകൊണ്ട ഈ സംഘം, പിന്നീട് കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികള്‍ കീഴടക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വിദേശ മലയാളി പ്രൊഫഷണലുകള്‍ വരെ ഈ സംഘത്തിന്റെ ഭാഗമാണ്.

ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത് എന്നു പറഞ്ഞാണ് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല നന്ദഗോവിന്ദം ഭജൻസിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ശശികലയുടെ പോസ്റ്റ് ഇങ്ങനെ.

"ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ ?
പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത്
നിന്ദിക്കാനായിരുന്നോ?

ചെറിയ പ്രവാഹം
അരുവിയാണ്
തോടാണ്
പുഴയാണ്.
അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും  ദാഹം മാറ്റാനും
മനസ്സും ശരീരവും കുളിപ്പിക്കാനും
ഒക്കെ നല്ലതാണ്!
പക്ഷേ പ്രവാഹത്തിന്
 ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും !
ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിൻ്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ?

ഇരിക്കുന്ന കൊമ്പ് എത്ര 
ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല.
Any How
ആശംസകൾ. ചിക്കൻ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്.
ഒരു വീട്ടമ്മയുടെ ഉപദേശമാണ്."

നന്ദഗോവിന്ദം ഭജൻസ് പാടിയ ക്രിസ്ത്യൻ കർണ്ണാടിക് ഗാനത്തിൻ്റെ വരികൾ താഴെ. ബൈബിളിലെ 68-ആം സങ്കീർത്തനത്തെ ആധാരമാക്കിയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്.

"ഈ പരദേവനഹോ നമുക്കു
പരിത്രാണത്തിന്നധിപന്‍ മര
ണത്തില്‍നിന്നൊഴിവുകര്‍ത്തനാമഖിലം
ശക്തി നിന്‍ തിരുക രത്തിലുണ്‍ടനിശം-ഈ

നാഥനതേ-തന്നരികളിന്‍
വന്‍തലയെതകര്‍ക്കും പിഴച്ചുനടക്കു
ന്നവന്‍റെ മുടികള്‍
മൂടിയനെറുകയെത്തന്നെ മുടിക്കും
ആദിനാഥനുര ചെയ്താനനിശം- ഈ

നിന്‍കാല്‍ ചോരയില്‍ ചവിട്ടുവാന്‍
നിന്നരികളില്‍ നിന്നുനിന്‍ നായ്ക്കളുടെനാ-
വിന്നാസ്വദിപ്പാനും-
ബാശാന്‍ ദേശമതില്‍ നിന്നുഞാന്‍ തിരിപ്പി
ച്ചാഴിയാഴത്തുനിന്ന രികളെ വരുത്തും-ഈ

കണ്‍ടു നിന്‍ സഞ്ചാരമിവര്‍
എന്‍ പരനാമരചന്‍-വിശുദ്ധസ്ഥലത്തു
നടക്കുന്നതിനെ
മുന്നില്‍പാടുന്നവര്‍ പിന്നില്‍ മീട്ടുന്നവര്‍
ചേര്‍ന്നു തപ്പടിക്കും -കന്നിമാര്‍നടുവില്‍-ഈ

യിസ്രായേലുറവിലുള്ള
നിങ്ങളനുഗ്രഹിപ്പിന്‍ സകലജഗത്തിന്‍
പതിയേ സഭയില്‍
ശത്രുമേലധികാരിയാം ചെറിയ ബന്യമീന
വിടംതന്നിലുണ്‍ടനിശം- ഈ

അങ്ങവരെ കരേറ്റുന്ന
യൂദജനപ്രഭുക്കള്‍
ഏകി നിന്‍റെ ബലമേകി നാഥനടിയാര്‍ക്കു
ചേയ്തുറപ്പിക്ക നീ സതതം- ഈ

ശ്രീയെറുശലേമിലുള്ള
നിന്‍ മന്ദിരം നിമിത്തം അരചര്‍നിനക്കു
ഭയന്നു തിരുമുല്‍-
ക്കാഴ്ച കൊണ്‍ടവരും യേശുവിന്നു ജയം
യേശുവിന്നുജയം യേശുവിന്നുജയം-


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952