21 April, 2026 11:33:15 AM
ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. 2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് എസ്‌ഐടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നതാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. പ്രശാന്തിനൊപ്പം ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന അജികുമാറിന്റെ മൊഴിയും ഇന്നലെ ശേഖരിച്ചിട്ടുണ്ട്.
2025 സെപ്റ്റംബര്‍ എട്ടിനാണ് സ്വര്‍ണ്ണപ്പാളികള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോകുന്നത്. ആ സമയത്ത് ശബരിമലയില്‍ ജോലി ചെയ്തിരുന്ന തിരുവാഭരണം കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുണ്ട്. 2025 ലെ സ്വര്‍ണം പൂശലില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥരുടെ മൊഴി നിര്‍ണായകമായേക്കും.






