06 April, 2026 09:09:41 AM


കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി



കോഴിക്കോട്: നാല് ദിവസം കുടക് വനത്തില്‍ കുടുങ്ങി രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി. നാല് ദിവസം കാട്ടരുവിയില്‍ വെള്ളം മാത്രം കുടിച്ച് മരണമുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരണ്യ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. ട്രക്കിങ് തുടരുമെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ലെന്ന് മാതാപിതാക്കളും പ്രതികരിച്ചു.

ശരണ്യയെ കുടക് വനമേഖലയില്‍ കണ്ടെത്തിയത് ഇന്നലെ വൈകിട്ടോടെയായിരുന്നു. അടുത്ത യാത്രകള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ചൂട് കുറയട്ടെ എന്നും ശരണ്യ പറഞ്ഞു. താഴെ ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വലിയ വാര്‍ത്തയായി എന്നറിഞ്ഞത്. വെള്ളം നന്നായി കുടിച്ചതാണ് ശരീരം ഫിറ്റായി നിര്‍ത്തിയതെന്ന് ശരണ്യ പറഞ്ഞു. ആരോടും ഒന്നും പറയാതെയുള്ള ഈ പോക്ക് നിര്‍ത്തണമെന്നാണ് അപേക്ഷയാണ് ശരണ്യയുടെ അച്ഛന്. ഏത് കൊടുങ്കാറ്റിനേയും നേരിടാനുള്ള കരുത്തോടെയാണ് വളര്‍ത്തിയതെന്നാണ് അമ്മയുടെ വാക്കുകള്‍. കര്‍ണാടക വനംവകുപ്പിന്റെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ശരണ്യയെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി മടിക്കേരിയില്‍ നിന്ന് നാദാപുരത്തെ വീട്ടിലെത്തിയിരുന്നു.

വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെ തടിയന്റമോള്‍ കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കു ശേഷംതന്നെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റി എന്ന് ശരണ്യ താമസിച്ച ഹോംസ്റ്റേയിലേക്ക് വിവരം കൈമാറിയിരുന്നു. പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. നാല്‍പ്പത് പേരടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936