20 March, 2026 12:46:10 PM


ഗുരുവായൂരപ്പൻ്റെ മണ്ണിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല; വിവാദ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്‌ണൻ



തൃശൂർ: ഗുരുവായൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന് പരാതി. 48 % ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെ ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഗോപാലകൃഷ്ണൻ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ വർഗീയത പറയുന്നു എന്നാണ് പരാതി.കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് ബി. ഗോപാലകൃഷ്ണനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്. 


"ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയും ആണ് ഗുരുവായൂരിൽ എംഎൽഎ ആക്കുന്നത്. 48 % ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീം സ്ഥാനാർഥികളെ മാത്രമാണ്. ഹിന്ദു വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ് ഇരു മുന്നണികളുടെയും നടപടി," ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നു. ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന് ഗോപാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയും ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ടില്ലെന്ന് പറയാൻ വിശ്വാസികൾ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936