13 March, 2026 09:10:55 AM


വിശിഷ്ട സേവനത്തിനുള്ള 'ബാഡ്ജ് ഓഫ് ഹോണർ': എ.ജെ. തോമസിന് മൂന്നാം തവണയും അംഗീകാരം



കോട്ടയം: വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ 2024-ലെ ഉന്നത ബഹുമതിയായ 'ബാഡ്ജ് ഓഫ് ഹോണർ' പുരസ്കാരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജെ. തോമസിന്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ബാഡ്ജ് ഓഫ് ഹോണറിന് അർഹനാകുന്നത്. 

പോലീസ് സേനയിൽ നിസ്വാർത്ഥമായ സേവനവും അന്വേഷണ മികവും കണക്കിലെടുത്താണ് ഈ ബഹുമതി നൽകുന്നത്. ഇതുവരെ 166 ഗുഡ് സർവീസ് എൻട്രികളും 20 അപ്രൈസേഷൻ സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയിട്ടുള്ള എ.ജെ. തോമസ് അന്വേഷണ മികവിലും ഔദ്യോഗിക കൃത്യനിർവഹണത്തിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പോലീസ് സേനയിൽ ചേർന്നതാണ്. മുണ്ടക്കയം വണ്ടൻപതാൽ അരമറ്റം വയലിൽ ജോസഫ് – അന്നമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ നാലാമനാണ്. ഭാര്യ സിനി കെ എസ് ഈ ബിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. മക്കൾ: വിവേക്, കിരൺ.

മുരിക്കുംവയൽ ഗവൺമെന്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. തുടർന്ന് എൽ എൽ ബി ബിരുദം നേടിയ അദ്ദേഹം പൊൻകുന്നം കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയനായ എ.ജെ. തോമസ്, കോട്ടയം ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചുവരുന്നു. ഈ നേട്ടത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ വണ്ടൻപതാലിലും സഹപ്രവർത്തകർക്കിടയിലും വലിയ ആഹ്ലാദമാണ് നിലനിൽക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940